ഗാസ സിറ്റി|
WEBDUNIA|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (12:39 IST)
തിങ്കളാഴ്ച ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രായേലിന്‍റെ എഫ്- 16 വിമാനങ്ങള്‍ ഗാസയിലെ വടക്കന്‍ പട്ടണത്തിലെ ഒരു പൊലീസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഉയരത്തില്‍ തീ പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആളൊഴിഞ്ഞ പ്രദേശത്താണ് ആക്രമണം നടന്നത്. വടക്കന്‍ പ്രവിശ്യയിലെ ഖാന്‍ യൂനിസിലെയും ബെയ്റ്റ് ലഹിയയിലെയും ഹമാസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു.
ഇസ്രായേലിന്‍റെ തെക്കേ അതിര്‍ത്തിയില്‍ ഞായറാഴ്ച ഹമാസ് രണ്ട് തവണ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇസ്രായേലും ഹമാസും സ്വന്തം നിലയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഹമാസ് ഇസ്രായേലിനെതിരെ 40 തവണ റോക്കറ്റാക്രമണം നടത്തിയതായി ആരോപണമുണ്ട്.
മൂന്നാഴ്ചത്തെ ആക്രമണത്തിന് ശേഷം ജനുവരി 18നാണ് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇസ്രായേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ 1300 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ റോഡുകളും പാലങ്ങളും ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിരുന്നു. പലസ്തീന്‍ ആക്രമണത്തെ പ്രതിരോധിക്കാനാണെന്ന് പ്രഖ്യാപിച്ച് ഡിസംബര്‍ 17നാണ് ഇസ്രായേല്‍ ഗാസയ്ക്കു നേരെ ആക്രമണം തുടങ്ങിയത്.