ഗദ്ദാഫിയുടെ മകള്‍ അയിഷ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. തന്നെ തേടി നാറ്റോ സൈന്യവും വിമതരും രാജ്യം മുഴുവന്‍ അരിച്ചുപെറുക്കുന്ന അവസരത്തില്‍ ഗദ്ദാഫിക്ക് ഈ വാര്‍ത്ത അറിയുവാനോ സന്തോഷം പങ്കുവയ്ക്കുവാനോ കഴിഞ്ഞെന്ന് വരില്ല!
ഗദ്ദാഫിയുടെ മകള്‍ അയിഷ അള്‍ജീരിയയില്‍ വച്ചാണ് പ്രസവിച്ചത്. ലിബിയയില്‍ യുദ്ധം കടുത്തപ്പോഴേക്കും ഗദ്ദാഫിയുടെ ഭാര്യ സഫിയ, മക്കളായ അയിഷ, മുഹമ്മദ്, ഹന്നിബാല്‍ എന്നിവര്‍ അള്‍ജീരിയയില്‍ രാഷ്ട്രീയാഭയം തേടിയിരുന്നു.
ചൊവ്വാഴ്ച വെളുപ്പിനെയാണ് അയിഷ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അള്‍ജീരിയന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഗദ്ദാഫിയുടെ കുടുംബത്തിന് അള്‍ജീരിയ അഭയം നല്‍കിയതില്‍ ലിബിയന്‍ വിമതര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇവരെ പുറത്താക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, തികച്ചും മനുഷ്യത്വപരമായ കാരണങ്ങളാലാണ് അഭയം നല്‍കിയതെന്ന് അള്‍ജീരിയ വ്യക്തമാക്കിയിരുന്നു.