ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെ നാലുപേര്‍ ചേര്‍ന്ന് തീ കൊളുത്തി. ഇന്നു പുലര്‍ച്ചെ മെല്‍ബണിലാണ് സംഭവം. ജസ്പ്രീത് സിംഗെന്ന ഇരുപത്തിയൊമ്പതുകാരനാണ് ആക്രമണത്തിനിരയായത്.
ഇയാളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജസ്പ്രീതിന്റെ ശരീരത്തിലേറ്റ പൊള്ളല്‍ ഗുരുതരമാണെന്നും എന്നാല്‍ ഇയാളുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജസ്പ്രീതിന് പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആക്രമണം വംശീയ വിദ്വേഷമാണെന്ന് കരുതുന്നില്ലെന്നാണ് മെല്‍ബണ്‍ പൊലീസിന്റെ വിശദീകരണം. ഓസ്ട്രേലിയന്‍ സമയം രാത്രി രണ്ടുമണിയോടെയാണ് മെല്‍ബണിലെ എസ്സെന്ഡോണ് നഗരത്തില്‍ ജസ്പ്രീത് ആക്രമിക്കപ്പെട്ടത്.
ഭാര്യയ്ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍. ഭാര്യ കാര്‍ പാര്‍ക്ക് ചെയ്യാനായി ശ്രമിച്ചുകൊണ്ടിരിക്കവേ എത്തിയ അക്രമികള്‍ പെട്രോള്‍ പോലെ പെട്ട് തീ പിടിക്കുന്ന എന്തോ ഇയാളുടെ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇന്ത്യാക്കാര്‍ക്കെതിരെ മാസങ്ങളായി ഇവിടെ ആക്രമണം അരങ്ങേറുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനെ ജീവനോടെ തീ കൊളുത്താന്‍ ശ്രമം നടക്കുന്നത്.