ഒബാമ സ്ഥാനമേറ്റിട്ട് 100 ദിവസം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (19:35 IST)
അമേരിക്കന്‍ പ്രസിഡന്‍റായി ബരാക് ഹുസൈന്‍ ഒബാമ അധികാരമേറ്റിട്ട് നൂറ് ദിവസം തികയുന്നു. അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് ഒബാമ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസരത്തിലായിരുന്നു ഒബാമ അധികാരമേറ്റത്. സാമ്പത്തിക, വിദേശ നയങ്ങളില്‍ എടുത്തുപറയാവുന്ന മാറ്റം കൊണ്ടുവരാന്‍ ഒബാമയ്ക്ക് സാധിച്ചു എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

ഇറാഖ് നയവും പാക്-അഫ്ഗാന്‍ രാജ്യങ്ങള്‍ക്കുള്ള പുതുക്കിയ നയവും ക്യൂബയുമായി ബന്ധം പുനഃസ്ഥാപിക്കാനായതും ഒബാമയുടെ മികച്ച നേട്ടങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നൂറ് ദിവസം കൊണ്ട് ഒരു ഭരണത്തെ വിലയിരുത്താനാവില്ലെങ്കിലും മികച്ച ഭരണാധികാരിയാണ് താനെന്ന് ഇതിനോടകം ഒബാമ തെളിയിച്ചു കഴിഞ്ഞു.

ഇറാഖില്‍ നിന്ന് 2010ഓടെ സൈന്യത്തെ പിന്‍‌വലിക്കുമെന്ന ഒബാമയുടെ പ്രഖ്യാപനത്തെ നല്ല തുടക്കമായാണ് ലോകരാഷ്ട്രങ്ങള്‍ വീക്ഷിച്ചത്. ഇറാഖ് ഇറാഖികള്‍ക്ക് എന്നാണ് ഒബാമ പ്രസ്താവിച്ചത്. ഇസ്രയേലും പലസ്‌തീന്‍കാരും തമ്മില്‍ സമാധാന ചര്‍ച്ചയ്ക്കു സഹായം പ്രഖ്യാപിച്ചതും ഒബാമയുടെ മികച്ച വിദേശ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഇവയേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് ക്യൂബയുമായി അടുക്കാന്‍ ഒബാമ താല്പര്യം പ്രകടിപ്പിച്ചതാണ്. അമേരിക്കയിലെ ക്യൂബന്‍ വംശജര്‍ക്ക് ക്യൂബയിലേയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം എടുത്തുകളഞ്ഞതും പണമയക്കുന്നതിനുള്ള ട്രഷറി നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതും ലാറ്റിനമേരിക്കയുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ പുതിയ തുടക്കമായി വേണം വിലയിരുത്താന്‍.

എന്നാല്‍, കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമായി ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കുന്ന കാര്യത്തില്‍ അനുകൂലമായ പ്രതികരണം ഒബാമയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വ്യക്തികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടിലാണ് ഒബാമ. മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയുമായും നല്ല ബന്ധത്തിനാ‍ണ് ഒബാമ ശ്രമിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പരം പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ഒബാമയുടെ മികച്ച സമീപനമായാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒബാമയുടെ നയങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും വാഹന വിപണിക്കുവേണ്ടി പ്രത്യേക പാക്കേജ് അനുവദിച്ചതും ശ്രദ്ധേയമായ കാര്യങ്ങളാണ്. ഇവയുടെ ഗുണങ്ങള്‍ മാര്‍ക്കറ്റില്‍ പ്രതിഫലിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :