ഇന്ത്യന്‍ വംശജനായ യുഎസ് ഡോക്ടര്‍ സിദ്ധാര്‍ത്ഥ മുഖര്‍ജിക്ക് നോണ്‍ - ഫിക്ഷന്‍ വിഭാഗത്തിലെ പുലിറ്റ്സര്‍ സമ്മാനം. അര്‍ബുദത്തെ കുറിച്ച് എഴുതിയ ‘ദ എമ്പറര്‍ ഓഫ് ആള് മലഡീസ്: എ ബയോഗ്രഫി ഓഫ് ക്യാന്‍സര്‍’ എന്ന പുസ്തകത്തിനാണ് സമ്മാനം ലഭിച്ചത്. അര്‍ബുദത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഈ പുസ്തകം.
ഇന്ത്യയില്‍ ജനിച്ച മുഖര്‍ജി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഓക്സ്ഫോര്‍ഡ്, ഹവാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇദ്ദേഹമിപ്പോള്‍ കൊളംബിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറും അര്‍ബുദ ചികിത്സകനുമാണ്. നേച്ചര്‍, ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്, ന്യൂയോര്‍ക്ക് ടൈംസ്, ദ ന്യൂ റിപ്പബ്ലിക് എന്നീ പ്രസിദ്ധീകരണങ്ങളില്‍ മുഖര്‍ജിയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് വായ്ക്കാനുള്ള ഔത്സുക്യമുണ്ടാക്കുന്ന തരത്തില്‍, പതിവ് വൈദ്യശാസ്ത്ര പുസ്തകങ്ങളുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയും ആഴത്തിലുള്ള ഗവേഷണവുമാണ് പുസ്തകത്തെ ആകര്‍ഷകമാക്കുന്നതെന്ന് പുരസ്കാര സമിതി വിലയിരുത്തി. 10,000 യുഎസ് ഡോളര്‍ ആണ് സമ്മാനത്തുക.