അല്‍ക്വൊയ്ദക്ക് ശക്തിക്ഷയമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍| WEBDUNIA| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2009 (13:09 IST)
നേതൃത്വത്തിനു നേരെ അടുത്തിടെയ്ണ്ടായ ആക്രമണങ്ങള്‍ അല്‍ക്വൊയ്ദയുടെ ശക്തിക്ഷയിപ്പിച്ചുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സൊമാലിയയിലും പാകിസ്ഥാനിലും ഇന്‍ഡോനേഷ്യയിലും സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ അല്‍ക്വൊയ്ദയുടെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന അല്‍ക്വൊയ്ദയുടെ വിദഗ്ദ പരിശീ‍ലകരാണ്. ഇത് അല്‍ക്വൊയദയുടെ ആക്രമണ പദ്ധതികളെ ബാധിക്കുമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കയിലെ അല്‍ക്വൊയദയുടെ ഉന്നത നേതാവ് സലേ അലി സലേ നമ്പാന്‍ സൊമാലിയയിലും നൂറുദ്ദീന്‍ മുഹമ്മദ് ഇന്‍ഡോനേഷ്യയിലും ബെയ്ത്തുള്ള മെഹ്സൂദ് പാകിസ്ഥാനിലും വെച്ച് സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച സൊമാലിയയില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 17 സമാധാന പ്രവര്‍ത്തകരടക്കം 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ആഫ്രിക്കയില്‍ അല്‍ക്വൊയ്ദക്കെതിരെയുളള പോരാട്ടം സഖ്യസേന ശക്തമാക്കിയത്.

ഇത്തരമൊരു ഹെലികോപ്റ്റര്‍ ആക്രമണത്തിലാണ് നമ്പാന്‍ കൊല്ലപ്പെട്ടത്. അല്‍ക്വൊയ്ദയുടെ നയരൂപീകരണത്തില്‍ സുപ്രധാന സ്വാധീനമുള്ള നമ്പാന്‍റെ മരണം ആഫ്രിക്കയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള അല്‍ക്വൊയ്ദയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്നും ബ്രിട്ടീഷ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

പാകിസ്ഥാനിലെ താലിബാന്‍ നേതാവായ മെഹ്സൂദിന്‍റെ മരണവും അല്‍ക്വൊയ്ദക്ക് സമാനമായ തിരിച്ചടിയാണ് നല്‍കിയത്. താലിബാന്‍, അല്‍ക്ക്വൊയ്ദ തീവ്രവാദികളെ സംഘടിപ്പിക്കുന്നതില്‍ മെഹ്സൂദിനുണ്ടായ പ്രാവീണ്യം അല്‍ക്വൊയ്ദക്ക് നഷ്ടമായത് അടുത്തിടെ നേതൃത്തിനേറ്റ വലിയ തിരിച്ചടികളിലൊന്നാണ്. ഇതിനുപുറമെ നേതൃത്വം പിടിച്ചെടുക്കാനായി അല്‍ക്വൊയ്ദയില്‍ തന്നെ ഭിന്നിപ്പുണ്ടെന്നും പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പാക് ഗോത്രമേഖലകളില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണം മൂലം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള അല്‍ക്വൊയ്ദയുടെ മികവില്‍ ഇടിവുണ്ടാക്കിയിട്ടുണ്ടെന്നും കണക്കുകളെ ഉദ്ധരിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :