അമേരിക്കന്‍ ജനത ആശങ്കയില്‍

വാഷിംഗ്ടണ്‍| WEBDUNIA|
അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമം തുടരുമ്പോഴും ജോലി നഷ്ടപ്പെടുന്നതില്‍ അമേരിക്കന്‍ ജനത കടുത്ത ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ വര്‍ഷം തൊഴില്‍ രഹിതരുടെ എണ്ണം ഇരട്ടിയായതില്‍ ഭൂരിഭാഗം പേരും വിഷമത്തിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പലരും ഏറെ വിഷമത്തോടെയാണ് തൊഴില്‍ നഷ്ടപ്പെട്ടതിനോട് പ്രതികരിച്ചത്. പലരും തങ്ങളുടെ നിക്ഷേപം തീര്‍ന്നതായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നതെന്നും ഇക്കൂട്ടര്‍ പറഞ്ഞതായി സര്‍‌വേയില്‍ പറയുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ആര്‍ക്കെങ്കിലുമൊക്കെ മാന്ദ്യത്തിന്‍റെ ഭാ‍ഗമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സര്‍വേയോട് പ്രതികരിച്ച 71 ശതമാനം പേരും പറഞ്ഞു.

പലരുടേയും സമ്പാദ്യത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ് വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. 65 ശതമാനം പേരും തങ്ങളുടെ പല ബില്ലുകള്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്ന ആശങ്കയിലാണ്. ഇതില്‍ 46 ശതമാനം പേരും കഴിഞ്ഞവര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. പകുതി പേര്‍ക്കും വിരമിച്ച ശേഷം മാന്യമായ ജീവിതം നയിക്കാനാകുമെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടതായി സര്‍വേ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കാത്ത ചിലര്‍ രക്ഷപ്പെട്ടു എന്നാണ് പ്രതികരിച്ചത്. എണ്ണ വില ഇടിഞ്ഞപ്പോള്‍ തന്നെ ജോലി നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു എന്ന് ഒരു എന്‍‌ജിനീയറായ ഡീന്‍ വെന്‍ഡര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ജീവിക്കാനുള്ള പണം സമ്പാദിച്ചു എന്നും ഓഹരിവിപണിയില്‍ നിക്ഷേപിക്കാത്തത് കൊണ്ട് പണം നഷ്ടമായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒബാമ ഒപ്പുവച്ച 787 കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമല്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപെട്ടത്. പാക്കേജ് തൊഴില്‍ സൃഷ്ടിക്കുമെന്ന് വിശ്വാസമില്ലെന്ന് തൊഴില്‍രഹിതനായ ഒരാള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :