അമേരിക്ക പറയുന്നു, താലിബാന്‍ വന്‍ ശക്തി!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു അമേരിക്കന്‍ സമാധാന പ്രവര്‍ത്തന സ്ഥാപനത്തിന്‍റെ മേധാവി അഭിപ്രായപ്പെട്ടു. അഫ്ഗാനില്‍ നിന്ന് ഒബാമ ഭരണകൂടം സൈന്യത്തെ പിന്‍‌വലിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് താലിബാന്‍ കൂടുതല്‍ കരുത്തരാകുകയാണെന്ന് കാര്‍ണീജ് എന്‍ഡോവ്മെന്‍റ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസ് മേധാവി ജസീക്ക മാത്യൂസ് അഭിപ്രായപ്പെട്ടത്.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയും താലിബാനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയെന്നതായിരുന്നു വാഷിംഗ്ടണ്‍ നയം, എന്നാല്‍ സ്ഥിതിഗതികള്‍ നേരെ തിരിച്ചാണെന്ന് അവര്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചു. കര്‍സായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

സഖ്യകക്ഷികളെല്ലാം പിന്‍‌വാങ്ങുകയും എന്നാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് യുഎസ് പലപ്പോഴും നേരിടുന്നതെന്ന് ജസീക്ക അഭിപ്രായപ്പെട്ടു. 2012-ല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയില്‍ അഫ്ഗാന്‍ യുദ്ധം ഒരു മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഉയര്‍ന്ന പരിഗണന അര്‍ഹിക്കുന്നെങ്കിലും അഫ്ഗാന്‍ വിഷയം യുഎസില്‍ അവഗണിക്കപ്പെടാനാണ് സാധ്യതയെന്ന് അവര്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാന്‍ ആഗോള ഭീകരതയുടെ കേന്ദ്രമായിരുന്നെങ്കില്‍ ഇന്ന് ഇരുപതോളം രാജ്യങ്ങളിലാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഭീകരര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസ്ഥയാണ് യെമന്‍ പോലുള്ള രാജ്യങ്ങളിലുള്ളത്. അതേസമയം വലിയ ആക്രമണങ്ങള്‍ നടത്തുന്നതിന് അല്‍ക്വൊയ്ദ പോലുള്ള സംഘടനകള്‍ക്ക് കഴിയുന്നില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :