അഫ്ഗാന്‍ ചര്‍ച്ച: താലിബാന്‍ തീരുമാനം ഉടന്‍

കാബൂള്‍| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (20:13 IST)
PRO
അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ സമാധാന ചര്‍ച്ചാക്ഷണം സ്വീകരിക്കണോയെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് താലിബാന്‍. താലിബാന്‍ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കര്‍സായിയുടെ അഭ്യര്‍ത്ഥനയോട് വിശദമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിലെ സ്ഫോടനങ്ങളും പോരാട്ടവും അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് കര്‍സായി താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. മുതിര്‍ന്ന നേതാക്കളുടെ സഭയായ ലോയ ജിര്‍ഗയ്ക്ക് മുമ്പാകെ സമാധാന ചര്‍ച്ചകള്‍ക്ക് എത്താനായിരുന്നു കര്‍സായിയുടെ ക്ഷണം.

അഫ്ഗാനില്‍ നിന്ന് സേനയെ പിന്‍‌വലിക്കുന്നതിന്‍റെ മുന്നോടിയായി അമേരിക്കയുടെയും മറ്റും ഉപദേശപ്രകാരമായിരുന്നു നീക്കം. എന്നാല്‍ അമേരിക്കയോ മറ്റോ നേരിട്ട് ഈ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല. താലിബാന്‍ മേഖലകളുടെ വികസനത്തിനും മറ്റും പണം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പാശ്ചാത്യപിന്തുണയോടെ രൂപം നല്‍കിയ പദ്ധതികളാകും ചര്‍ച്ചയില്‍ കര്‍സായി മുന്നോട്ടുവെക്കുക.

കര്‍സായിയുടെ ക്ഷണത്തോട് തനിക്ക് മാത്രമായി മറുപടി പറയാനാകില്ലെന്നായിരുന്നു താലിബാന്‍ വക്താവിന്‍റെ പ്രതികരണം. താലിബാന്‍ നേതാക്കള്‍ ഉടന്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇതിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും വക്താവ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :