അധികാരത്തോട് ഭ്രമമില്ലെന്ന് സര്‍ദാരി

ഇസ്‌ലാമാബാദ്‌| WEBDUNIA|
PRO
അധികാരത്തോട് തനിക്കൊരിക്കലും ഭ്രമം തോന്നിയിട്ടില്ലെന്ന് പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി. പ്രസിഡന്‍റിനുള്ള അമിതാധികാരങ്ങള്‍ വെട്ടിക്കുറച്ചതോടെ താന്‍ ദുര്‍ബലനായെന്ന ആരോപണങ്ങള്‍ സര്‍ദാരി നിഷേധിച്ചു. ജനാധിപത്യത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും അതില്‍ നിന്നാണ് കരുത്താര്‍ജ്ജിക്കുന്നതെന്നും അതുകൊണ്ടു തന്നെ അധികാരരഹിതനായെന്ന് കരുതുന്നില്ലെന്നും മാധ്യമങ്ങളോട് സര്‍ദാരി പറഞ്ഞു.

എല്ലാ അധികാരങ്ങളും ഉണ്ടായിരുന്നപ്പോഴും അത് ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. അധികാരത്തോട് ഭ്രമവും തോന്നിയിട്ടില്ല. അധികാരങ്ങള്‍ വെട്ടിക്കുറച്ചതിലൂടെ ഏകാധിപത്യത്തിന്‍റെ വാതിലുകള്‍ അടഞ്ഞുവെങ്കിലും സൈനിക ഭരണത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സര്‍ദാരി പറഞ്ഞു. ഇനിയൊരിക്കലും ഒരു ഏകാധിപതി പാകിസ്ഥാനില്‍ ഉണ്ടാവുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സര്‍ദാരി വ്യക്തമാക്കി.

സ്വന്തം തീരുമാനപ്രകാരം പാര്‍ലമെന്റ്‌ പിരിച്ചുവിടാനും പ്രധാനമന്ത്രിയെ ഡിസ്മിസ്‌ ചെയ്യാനും സേനാമേധാവികളെ നിയമിക്കാനും മറ്റും പാക്കിസ്ഥാന്‍ പ്രസിഡന്റിനുണ്ടായിരുന്ന അമിതാധികാരങ്ങളാണ് പാക് പാര്‍ലമെന്‍റ് ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കിയത്.

പ്രസിഡന്റിന്റെ അമിതാധികാരങ്ങള്‍ എടുത്തുകളയുന്നതിന്‌ പാര്‍ലമെന്റിന്റെ ഇരുസഭകളും കഴിഞ്ഞയാഴ്ച മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയ പതിനെട്ടാം ഭരണഘടനാ ഭേദഗതി ബില്ലില്‍ സര്‍ദാരി ഇന്നലെയാണ് ഒപ്പുവച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :