വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 27 മെയ് 2020 (07:32 IST)
കൊവിഡ് ബധിതരുടെ എണ്ണം കുറയുന്നതനുസരിച്ച് വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചാൽ വീണ്ടും വൈറസ് വ്യപനത്തിന്റെ രണ്ടാമത്തെ കൊടുമുടി നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ് വ്യാപനത്തിൽ കുറവ് വന്നതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ അയവ് വരുത്തിയ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അത്യാഹിത വിഭാഗം തലവൻ മൈക് റയാൻ മുന്നറിയിപ്പുമായി എത്തിയത്.
ലോകം ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്. പല രാജ്യങ്ങളിലും കേസുകൾ കുറഞ്ഞിട്ടുണ്ട് എങ്കിലും ദക്ഷിണേഷ്യ, മധ്യ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ രോഗ വ്യപനം വർധിയ്ക്കുകയാണ്. വൈറസ് വ്യാപനം പലപ്പോഴും തിരമാലകൾ പോലെയാണ്. ആദ്യത്തെ തരംഗദൈർഖ്യം കുറഞ്ഞ രാജ്യങ്ങളിൽ ഈ വർഷം അവസാനം തന്നെ അടുത്ത തരംഗം ഉണ്ടായേക്കാം. ഇപ്പോൾ പ്രതിരോധങ്ങൾ കുറച്ചാൽ വലിയ തിരിച്ചടി ഉണ്ടാകും. രോഗികളുടെ എണ്ണം കുറഞ്ഞാൽ രോഗ നിരക്ക് കുറയുകയാണ് എന്ന് ഊഹിയ്ക്കാനാകില്ല എന്നും മൈക് റയാൻ പറയുന്നു.