കാട്ടാടുകളെ കൊല്ലാന്‍ ടൈം ബോംബുമായി ഡിങ്കോകള്‍; ചാവേറാക്രമണ പദ്ധതിയെ ഏതിര്‍ത്ത് മൃഗസ്‌നേഹികള്‍

ശരീരത്തില്‍ ടൈംബോംബുമായി ഡിങ്കോ; ലക്ഷ്യം ശല്യക്കാരായ കാട്ടാടുകളെ കൊന്നൊടുക്കള്‍ ലക്ഷ്യം

PRIYANKA| Last Modified ശനി, 13 ഓഗസ്റ്റ് 2016 (16:20 IST)
ഇരയും വേട്ടക്കാരനും തമ്മിലുള്ള പ്രകൃതി നിയമം പ്രാവര്‍ത്തികമാക്കി ഓസ്‌ട്രേലിയയെ കുഴയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് അധികൃതര്‍. ഓസ്‌ട്രേലിയയില്‍ കൃഷിയിടങ്ങളില്‍ ഏറ്റവും കൂടതല്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ജീവികള്‍ കാട്ടു മുയലുകളാണ്. മില്യണ്‍ കണക്കിന് രൂപയുടെ നഷ്ടമാണ് കാട്ടുമുയലുകള്‍ ഓസ്‌ട്രേലിയയിലെ കൃഷിയിടത്തില്‍ വരുത്തുന്നത്. 1788ല്‍ ക്യാപ്റ്റന്‍ കുക്കിന്റെ ആദ്യ കപ്പലില്‍ ബ്രിട്ടനില്‍ നിന്ന് കൊണ്ടുവന്ന മുയലുകളാണ് ഇവിടെ വളര്‍ന്ന് പെരുകി ശല്യക്കാരായി മാറിയത്. അതിനെ നിയമന്ത്രിക്കാനായി അധികൃതര്‍ ഇപ്പോള്‍ പതിനെട്ട് അടവും പയറ്റുകയാണ്. മുയലുകള്‍ക്കൊപ്പം ക്യാപ്റ്റന്‍ കുക്ക് കപ്പലില്‍ കൊണ്ടുവന്ന കാട്ടാടുകളും ഓസ്‌ട്രേലിയയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

വടക്കന്‍ ക്വീന്‍സ്ലാന്റിലുള്ള പെലോറസ് ദ്വീപിലാണ് കാട്ടാടുകള്‍ വെല്ലുവിളിയാകുന്നത്. കടലിനുള്ളിലേക്ക് മാറിയുള്ള ഈ ദ്വീപിനെ അപൂര്‍വ്വമായ ജൈവ വൈവിധ്യത്തിന്റെ കലവറയായാണ് കണക്കാക്കുന്നത്. പവിഴപുറ്റുകളും ഒട്ടേറെ അപൂര്‍വ്വയിനം ചെടികളും ഈ ദ്വീപിലുണ്ട്. നാലു ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് മഴക്കാടുകള്‍ നിറഞ്ഞ ഈ ദ്വീപിന്റെ വിസ്തീര്‍ണം. പക്ഷെ കുറച്ച നാളുകളായി 300ഓളം വരുന്ന കാട്ടാടുകള്‍ ഈ അപൂര്‍വ്വ ജൈവവൈവിധ്യം തിന്ന് തീര്‍ക്കുകയാണ്.

ഓസ്‌ട്രേലിയയിലെ ബ്രിട്ടന്‍ അധിനിവേശ കാലത്ത് ഇത്തരം ദ്വീപുകളില്‍ കഴിഞ്ഞിരുന്ന ലൈറ്റ് ഹൗസ് ജീവനക്കാര്‍ക്കും മറ്റും ഭക്ഷണത്തിനായാണ് ദ്വീപുകളിലേക്ക് ആടുകളെ വിട്ടത്. എന്നാല്‍ ഇപ്പോള്‍ ഇവ പെറ്റു പെരുകി വലിയ പ്രശ്‌നമായി. ഇവയെ നശിപ്പിക്കാന്‍ പല മാര്‍ഗങ്ങളും പയറ്റി നോക്കി പരാജയപ്പെട്ടതോടെയാണ് ചാവേര്‍ ആക്രമണം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അതിന് തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയിലെ മറ്റ് ഭാഗങ്ങളില്‍ പ്രശ്‌നക്കാരായി മാറിയ ഡിങ്കോ എന്ന കാട്ടു നായ്ക്കളെയും. ഇതിനായി നാല് ഡിങ്കോകളെ കെണിവച്ച് പിടിച്ച് വന്ധ്യകരണം നടത്തി ദ്വീപിലെത്തിക്കും.

ദ്വീപില്‍ തുറന്ന് വിടുന്ന ഡിങ്കോകള്‍ കാട്ടാടുകളെ കൊന്ന് തിന്നുകയും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നാല് ഡിങ്കോകളും ചേര്‍ന്ന് ദ്വീപിലെ ആട് ശല്യം ഇല്ലാതാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഇതിനായി നിലവില്‍ രണ്ട് ഡിങ്കോകളെ ദ്വീപിലെത്തിച്ച് കഴിഞ്ഞു. കഴുത്തില്‍ ട്രാക്കിങ് ഉപകരണങ്ങളും വച്ച് കെട്ടി ദ്വീപിലേക്ക് അയക്കുന്ന ഡിങ്കോകള്‍ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ ഉദ്യോഗസ്ഥരെത്തി ഇവയെ വെടിവെച്ച് കൊല്ലും. ഇത് സാധിച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഡിങ്കോകളെ ദ്വീപിലെത്തിക്കുന്നതിനു മുമ്പേ ശരീരത്തില്‍ ഘടിപ്പിച്ച ടൈംബോംബ് പ്രവര്‍ത്തിച്ചു തുടങ്ങും. ഈ ടേംബോംബുകള്‍ ഡിങ്കോയുടെ ശരീരത്തിലേക്ക് മാരക വിഷം കടത്തിവിട്ട് അവയെ കൊല്ലുമെന്ന് അധികൃതര്‍ പറയുന്നു. ജീവികളോട് ചാവേറുകളാക്കുന്ന ഭരണകൂടത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവും നിയമ നടപടികളുമായി മൃസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :