അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (14:58 IST)
അമേരിക്കൻ സേനാ പിന്മാറ്റത്തിന് പിന്നാലെ കാബൂളിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുത്തു. എന്നാൽ വിമാനങ്ങളും കവചിത വാഹനങ്ങളുമടങ്ങിയ വൻ ആയുധശേഖരം ഉപയോഗശൂന്യമാക്കിയതിന് ശേഷമാണ് യുഎസ് മടങ്ങുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.
കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിതവാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയതിന് ശേഷം ഉപേക്ഷിച്ചത്.വിമാനത്താവളത്തെ റോക്കറ്റ് ആക്രമണത്തിൽനിന്നു രക്ഷിക്കാനായി ഒരുക്കിയിരുന്ന സംവിധാനവും യുഎസ് നശിപ്പിച്ചു. തിങ്കളാഴ്ച, കാബൂൾ വിമാനത്താവളത്തിനു നേരെ വന്ന അഞ്ച് റോക്കറ്റുകൾ ഈ സംവിധാനം ഉപയോഗിച്ചാണ് യുഎസ് തകർത്തത്.
പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍നിന്ന് യുഎസിന്റെ അവസാന സി–17 വിമാനം പറന്നുയർന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാദൗത്യത്തിൽ 1,22,000 പേരെയാണ് യുഎസ് അഫ്ഗാനില്‍നിന്ന് പുറത്തെത്തിച്ചത്. അതേസമയം യുഎസ് പിന്മാറ്റത്തിന് പിന്നാലെ രാജ്യത്തിന് പൂർണസ്വാതന്ത്രം ലഭിച്ചുവെന്നാണ്
താലിബാൻ നേതാക്കളുടെ പ്രതികരണം.