പ്രപഞ്ചം ഒന്നല്ല, പലതുണ്ടത്രേ... വിദൂര പ്രപഞ്ചങ്ങളില്‍ അതിബുദ്ധിമാന്മാരായ ജിവികളും..!

VISHNU N L| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2015 (12:22 IST)
നമ്മള്‍ അധിവസിക്കുന്ന ഭൂമിയേപ്പോലെ നിരവധി ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാമെന്ന് ശാസ്ത്രലോകം ഇപ്പോള്‍ കരുതുന്നുണ്ട്. അത്തരത്തിലുള്ള നിരവധി സൂചനകള്‍ ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗ്രഹങ്ങളും അവള്‍ ഉളപ്പെടുന്ന സംവിധാനങ്ങളും അവയെ വഹിക്കുന്ന കോടാനു കോടി ഗാലക്സികളും അടങ്ങുന്നതാണ് അനന്ത അജ്ഞാത അവര്‍ണനീയമായ ഈ പ്രപഞ്ചം. സത്യത്തില്‍ നമുക്ക് പ്രപഞ്ചത്തേക്കുറിച്ച് നാമമാത്രമായ അറിവുമാത്രമേയുള്ളു. എന്നാല്‍ നമ്മള്‍ അധിവസിക്കുന്ന ഈ ഭീമന്‍ പ്രപഞ്ചം പോലെ ബഹിരാകാശത്ത് ഇനിയും മറ്റ് ചില പ്രപഞ്ചങ്ങളും ഉണ്ടെന്ന് വന്നാലോ?

അവിശ്വസനീയം എന്ന് നിങ്ങള്‍ പറയാം. എന്നാല്‍ അതിനും സാധ്യതകളുണ്ടാകാമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. പ്രപഞ്ചത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരുസംഘം കോസ്‌മോളജിസ്റ്റുകളാണ് സമാന്തര പ്രപഞ്ചത്തെ കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്നത്.
1375 കോടി വർഷം മുമ്പാണ് നമ്മുടെ പ്രപഞ്ചമുണ്ടായത്. വലിയൊരു പൊട്ടിത്തെറിയായിരുന്നു പ്രപഞ്ചത്തിന്റെ തുടക്കം. ഇതാണ് നിലവിലെ വിശ്വാസം. എന്നാൽ അന്നത്തെ പൊട്ടിത്തെറിയിൽ എന്തുകൊണ്ട് അനേകം പ്രപഞ്ചങ്ങൾ ഉണ്ടായിട്ടുണ്ടാകില്ലെന്നാണ് ഗവേഷകർ ചോദിക്കുന്നത്.

എന്നാല്‍ ഈ ഗവേഷകരുടെ വാദങ്ങള്‍ അതീവ വിചിത്രവും അവിശ്വസനീയവും കെട്ടുകഥകള്‍ പോലെയുള്ളതുമാണെങ്കിലും ശാസ്ത്രലോകം ഇന്നേവരെ അവ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് ശ്രദ്ദേയമാണ്. നിലവില്‍ ബഹിരാകാശ ഗവേഷണങ്ങളുടെ പുരോഗതി നിരീക്ഷിച്ചാല്‍ ഭാവിയില്‍ പല പ്രപഞ്ചങ്ങളും കണ്ടെത്താനായേക്കാമെന്നാണ് കരുതുന്നത്.
എന്നാല്‍ സമാന്തര പ്രപഞ്ചങ്ങളുടെ വക്താക്കള്‍ പറയുന്നത് ഇത്തരം പ്രപഞ്ചങ്ങളില്‍ ഭൂമിയേപ്പോലെ ഗ്രഹങ്ങള്‍ നിരവധിയുണ്ടാകാമെന്നും അവയില്‍ അതി ബുദ്ധിമാന്മാരായ ജീവ വര്‍ഗങ്ങളും, കണ്ടേക്കാമെന്നുമാണ്.

മറ്റൊരു പ്രപഞ്ചമുണ്ടാകാമെന്ന വാദങ്ങൾ നേരത്തെയുള്ളതാണ്. ലണ്ടനിലെ കിങ്സ് കോളേജിലെ ഗവേഷകൻ ഡോ. യുഗേൻ ലിം ഇത് സംബന്ധിച്ച് കൂടുതല്‍
റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ വർഷങ്ങളയി അന്യഗ്രഹജീവികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ ഡോ നതാലി കബ്രോളിന്റെ പഠനറിപ്പോർട്ട് പ്രകാരം മറ്റു ഗ്രഹങ്ങളിലെയോ പ്രപഞ്ചങ്ങളിലേയോ അതിബുദ്ധിമാന്‍മാരായ അന്യഗ്രഹജീവികള്‍ ഭൂമിയുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവരുടെ സാന്നിധ്യം മനസിലാക്കാനോ തരംഗങ്ങള്‍ പിടിച്ചെടുക്കാനോ ആവശ്യമായ സംവിധാനങ്ങൾ മനുഷ്യന് ഇല്ലെന്നും കബ്രോൾ പറയുന്നു.

പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാം. പ്രപഞ്ചത്തിലെ ഏതോ കോണിലുള്ള അന്യഗ്രഹജീവികളേയും അവരുടെ സംസ്കാരത്തെയും വൈകാതെ മനുഷ്യന്‍ കണ്ടെത്തുമെന്നും കബ്രോൾ സൂചിപ്പിച്ചു. അടുത്ത 20 വർഷത്തിനകം ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രപഞ്ചത്തിലെ ജീവികളെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായി റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിവരികയാണ്. ഈ വര്‍ഷം തുടക്കത്തിൽ സൗരയൂഥത്തിന് പുറത്ത് ചില അജ്ഞാത ശബ്ദങ്ങള്‍ പിടിച്ചെടുത്തതായി വാർത്തവന്നിരുന്നു. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെ നിന്നാണ് അജ്ഞാത ശബ്ദതരംഗങ്ങള്‍ വന്നിരിക്കുന്നതെന്നും കബ്രോൾ സൂചിപ്പിച്ചു.

കൂടാതെ മറ്റൊരു പ്രപഞ്ചം ഉണ്ടെന്ന വാർത്ത ഉടനെ കേൾക്കാമെന്നാണ് ഗവേഷകർ നൽകുന്ന സൂചന. ഈ പ്രപഞ്ചത്തിന്റെ മറുഭാഗത്ത് മറ്റൊരു പ്രപഞ്ചത്തിന്റെ സൂചനകൾ കണ്ടെത്തിയേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
ഇത് സംബന്ധിച്ചുള്ള പഠനങ്ങളുമായി കോസ്മോളജിസ്റ്റുകൾ സജീവമായി രംഗത്തുണ്ട്. കോടാനുകോടി വർഷങ്ങൾക്ക് മുൻപ് സമാന്തര പ്രപഞ്ചങ്ങൾ നമ്മുടെ പ്രപഞ്ചവുമായി ഇടപെട്ടിരിക്കാമെന്നും ഇതിന്റെ സൂചനകൾ ഉടൻ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും ഗവേഷകർ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :