സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (09:54 IST)
റഷ്യ യുക്രൈന്‍ ആക്രമിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ലോകത്തെ കോടീശ്വരന്മാരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കിനാണ്. രണ്ടാമത്തെ കോടീശ്വരനായ ബെസോസ്, ബില്‍ ഗേറ്റ്‌സ്, ബേണഡ് അര്‍ണോ എന്നീ മൂന്നുപേര്‍ക്കും കൂടി ഉണ്ടായ നഷ്ടത്തിലേറെ നഷ്ടം ഇലോണ്‍ മസ്‌കിനുണ്ടായി. എന്നാലും ഇലോണ്‍ മസ്‌ക് ഇപ്പോള്‍ യുക്രൈന്‍കാരുടെ ഹീറോ ആണ്. റഷ്യന്‍ ആക്രമണം മൂലം യുക്രൈനിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ നിന്നും യുക്രൈനിനെ രക്ഷിക്കാന്‍ എത്തിയിരിക്കുകയാണ് മസ്‌ക്.
യുക്രൈനിനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് ട്വിറ്റ് ചെയ്തിരിക്കുകയാണ്. യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ ഭാഗങ്ങളിലാണ് ഇന്റര്‍നെറ്റ് തടസപ്പെട്ടിരിക്കുന്നത്. നേരത്തേ മസ്‌കിനോട് യുക്രൈന്‍ ഡിജിറ്റല്‍ മന്ത്രിയായ മൈക്കിലോ ഫെഡെര്‍വോള്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുപത്തുമണിക്കൂര്‍ ശേഷമാണ് മസ്‌കില്‍ നിന്ന് ഉപഗ്രഹ ഇന്റെര്‍ നെറ്റ് സഹായം ലഭിക്കുമെന്ന വിവരം ലഭിച്ചത്.