അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ജനുവരി 2025 (18:57 IST)
ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്‌ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാകും. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഡീപ്പ് ഫേക്ക് നഗ്‌നചിത്രങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ യഥാര്‍ഥമെന്ന് തോന്നുന്ന രീതിയില്‍ വീഡീയോകള്‍, ചിത്രങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് പറയുന്നത്. ഈ സാങ്കേതിക വിദ്യ ഉപറ്റോഗിച്ച് വ്യക്തികളുടെ നഗ്‌നത കൃത്രിമമായി നിര്‍മിക്കാനും സാധിക്കും. നേരത്തെ തന്നെ മറ്റുള്ളവരെ അപമാനിക്കുക, വിഷമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നഗ്‌ന രംഗങ്ങളും വീഡീയോകളും പ്രചരിപ്പിക്കുന്നത് ബ്രിട്ടനില്‍ കുറ്റകൃത്യമാണ്. ഈ നിയമത്തില്‍ പക്ഷേ ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. 2017ന് ശേഷം ഡീപ്പ് ഫേക്ക് കുറ്റകൃത്യങ്ങളില്‍ 400 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇനി 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാകും ഇത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ വ്യക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.