ചൈനയിലെ ഇരട്ടക്കുട്ടിനയം തിരിച്ചടിയായത് ഗര്‍ഭനിരോധനഉറ കമ്പനികള്‍ക്ക്

ബെയ്‌ജിംഗ്| JJ| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (18:55 IST)
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ കഴിഞ്ഞദിവസമാണ് ഒറ്റക്കുട്ടിനയം പിന്‍വലിച്ചത്.
ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്നായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. രാജ്യത്ത് യുവജനസംഖ്യ ഗണ്യമായി കുറഞ്ഞതും വിവാഹം കഴിക്കാന്‍ പോലും പെണ്‍കുട്ടികളെ കിട്ടാത്ത അവസ്ഥയുണ്ടായതുമാണ് ഇങ്ങനെയൊരു തീരുമാനത്തിന് ചൈനീസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതോടെ ചൈനയിലെ കുടുംബങ്ങളില്‍ ആഹ്ലാദത്തിന്റെ അലയൊലികള്‍ ഉയര്‍ന്നിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചൈനീസ് ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തോടെ ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായത് ഗര്‍ഭനിരോധന ഉറ കമ്പനികള്‍ക്കാണ്.

പുതിയ ഉത്തരവ് വന്നതോടെ രാജ്യത്ത് ചൈനീസ് ഓഹരിവിപണി തന്നെ പുതിയ ഒരു മുദ്രാവാക്യത്തിന്റെ പിന്നാലെയാണ്. ഗര്‍ഭനിരോധന വ്യാപാരികളുടെ ഓഹരികള്‍ വില്‍ക്കാന്‍ പറയുപ്പോള്‍ നാപ്പികള്‍ ഉണ്ടാക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടെ നാപ്പികള്‍ ഉണ്ടാക്കുന്ന ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ചൈനയിലെ വിപണി ഒന്നുകൂടി വിപുലീകരിച്ചു കിട്ടിയിരിക്കുകയാണ്. കൂടാതെ, പാലുല്പന്നങ്ങളുടെ മേഖലയും നേട്ടത്തിലാണ്. ചൈനയില്‍ പുതിയ ഉത്തരവ് വന്നതോടു കൂടി രാജ്യത്തേക്ക് പ്രധാനമായും പാലുല്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന ന്യൂസിലാ‍ന്‍ഡിന്റെ കറന്‍സി വിപണിയില്‍ കുതിച്ചു.

ശിശുക്കള്‍ക്കു വേണ്ടിയുള്ള ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്ന കമ്പനികളുടെ ഓഹരികള്‍ മുകളിലോട്ട് കുത്തനെ കുതിക്കുകയാണ്. ഓഹരിമേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ മേഖലകളില്‍ നിക്ഷേപം നടത്തുന്നത് മികച്ച നേട്ടമുണ്ടാക്കി തരുമെന്നാണ് ഓഹരിവിപണിയിലെ വിദഗ്‌ധര്‍ പറയുന്നത്. കുട്ടികളുടെ കേശസംരക്ഷണത്തിനായുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചൈല്‍ഡ് കെയര്‍ കോര്‍പാണ് പുതിയ ഉത്തരവിനെ തുടര്‍ന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഹോങ്കോംഗ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 40 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി വര്‍ധിച്ചത്.

അതേസമയം, ഗര്‍ഭനിരോധന ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് പുതിയ ഉത്തരവ് വന്‍ തിരിച്ചടിയാണ്. ജപ്പാനിലെ കോണ്ടം നിര്‍മാതാക്കളായ ഒകാമോട്ടൊ എന്ന കമ്പനിയുടെ ഓഹരി പത്തു ശതമാനത്തോളമാണ് ഇടിഞ്ഞത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി രാജ്യത്ത് നിലനിന്നിരുന്ന ഒറ്റക്കുട്ടിനയമാണ് കഴിഞ്ഞദിവസം ഭരണകൂടം മാറ്റിയെഴുതിയത്. ഇതാണ്, ചൈനീസ് ദമ്പതികള്‍ക്ക് സന്തോഷവും
ഗര്‍ഭനിരോധന ഉറ കമ്പനികള്‍ക്ക് സന്താപവും നല്കിയത്. എങ്കിലും കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ചെലവുള്ളതിനാല്‍ ദമ്പതികള്‍ ഇരട്ടക്കുട്ടിനയം രണ്ടു കൈയും നീട്ടി സ്വീകരിച്ചേക്കില്ല എന്നാണ് ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :