രേണുക വേണു|
Last Modified വെള്ളി, 23 ജൂണ്‍ 2023 (10:12 IST)
1912 ല്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പോയ ടൈറ്റന്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ച വാര്‍ത്ത ലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായാണ് വിവരം. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാകാമെന്നാണ് നിഗമനം. ഒരു സ്ഫോടനത്തിനു സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിവരം.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാക്കിസ്ഥാനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തില്‍ ഉണ്ടായിരുന്നവര്‍.
കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ സമീപത്തുനിന്ന് ടൈറ്റന്‍ പേടകത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ യാത്രക്കാര്‍ മരിച്ചെന്നു അഭ്യൂഹം പടര്‍ന്നിരുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് പേടകത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു യാത്രയുടെ പ്രധാന ആകര്‍ഷണം. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡ് പ്രവിശ്യയിലുള്ള സെന്റ് ജോണ്‍സ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂര്‍ സമയത്തില്‍ അന്തര്‍വാഹിനി സഞ്ചാരികളെയും വഹിച്ച് കടലിന്റെ അടിത്തട്ടില്‍ എത്തേണ്ടതാണ്. പിന്നീട് ഏകദേശം ഒരു മണിക്കൂറോളം തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷം മടക്കയാത്ര. എന്നാല്‍ അഞ്ച് പേരുമായി പുറപ്പെട്ട അന്തര്‍വാഹിനി ഒന്നര മണിക്കൂര്‍ പിന്നിട്ട ശേഷം അപകടത്തില്‍പ്പെട്ടതാകുമെന്നാണ് നിഗമനം. യാത്ര തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്തര്‍വാഹിനിയുടെ സിഗ്നല്‍ നഷ്ടപ്പെട്ടിരുന്നു.