സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2025 (18:22 IST)
ഇസ്ലാമാബാദ്: ഇന്ത്യ
വ്യാമോഹത്തില്‍
അകപ്പെട്ടരുതെന്ന് പാകിസ്ഥാന്‍ പ്രതിരോധ സേനാ മേധാവി (സിഡിഎഫ്) അസിം മുനീര്‍ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ പരമോന്നത ശക്തിയെ പരീക്ഷിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആരെങ്കിലും വീണ്ടും ആക്രമിക്കാന്‍ തുനിഞ്ഞാല്‍ കൂടുതല്‍ മാരകമായ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ പാകിസ്ഥാന്‍ സമാധാനത്തിന്റെ രാജ്യമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ആദ്യത്തെ സിഡിഎഫായി നിയമിതനായ ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അസിം മുനീര്‍. ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മൂന്ന് സേനകളും ഒരു ഏകീകൃത സംവിധാനത്തിന് കീഴില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫ്) ചീഫ് എയര്‍ സ്റ്റാഫ് (സിഎഎസ്) എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധു, നാവികസേനാ മേധാവി അഡ്മിറല്‍ നവീദ് അഷ്റഫ്, മൂന്ന് സേനകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ധീരതയെ മുനീര്‍ അഭിനന്ദിച്ചു. ഭാവിയിലെ യുദ്ധങ്ങള്‍ക്കുള്ള ഒരു 'കേസ് സ്റ്റഡി' ആയിരുന്നു ഈ ശക്തിപ്രകടനം എന്ന് അദ്ദേഹം പറഞ്ഞു. സിഡിഎഫ്‌നു പുറമേ പാകിസ്ഥാന്റെ ആണവായുധങ്ങളും മിസൈല്‍ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ മേല്‍നോട്ട ചുമതലയും മുനീറിനാണ്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പരമോന്നത കമാന്‍ഡറായി മുനീര്‍ ചുമതലയേല്‍ക്കുന്നതോടെ അദ്ദേഹത്തിന് സ്ഥാനങ്ങളും പ്രത്യേക അവകാശങ്ങളും പ്രോസിക്യൂഷനില്‍ നിന്നുള്ള പ്രതിരോധവും നല്‍കും.
ചാര സംഘടനയായ ഐഎസ്ഐയുടെ മുന്‍ തലവനായ മുനീര്‍ 2022 ല്‍ കരസേനാ മേധാവിയായി. അസിം മുനീറിനെ സിഡിഎഫായി നിയമിക്കാനുള്ള ബില്‍ കഴിഞ്ഞ മാസമാണ് പാര്‍ലമെന്റില്‍ പാസാക്കിയത്.