സത്യമായിട്ടും ചൂടുകൂടുതല്‍ ജൂണിലായിരുന്നു!

ന്യൂയോര്‍ക്ക്| vishnu| Last Modified ചൊവ്വ, 22 ജൂലൈ 2014 (17:49 IST)
ലോകത്തില്‍ ഏറ്റവും ചൂടുകൂടുതല്‍ അനുഭവപ്പെട്ട മാസമേതായിരുന്നുബ് എന്നറിയാമോ? അറിയില്ലെങ്കില്‍ അറിഞ്ഞോളു, അത് കഴിഞ്ഞ മാസമായിരുന്നു! സത്യമാണ് ജൂണ്‍ മാസമാണ് മനുഷ്യന്‍ അന്തരീക്ഷതാപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിനു ശേഷം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട മാസം.

16.2 ഡിഗ്രി സെല്‍ഷ്യസ് ആണ് 2014 ജൂണില്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തിയ ശരാശരി താപനില. ഇതിലെന്തിരിക്കുന്നു അതിലും കൂടുതല്‍ അനുഭവിച്ചവരുള്ളപ്പോള്‍ ഇതൊക്കെ പറയാനുള്ളതാണോ എന്ന് ചോദിക്കുന്നതിനു മുമ്പ് ഇതു കൂടി അറിഞ്ഞിരിക്കുക, കഴിഞ്ഞ നൂറ്റാണ്ടിലെ ശരാശരി താപനില 15.5 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു.

ഈ നൂറ്റാണ്ട് ആരംഭിച്ചിട്ട് വെറും പതിനാല് വര്‍ഷം മാത്രമേ ആയിട്ടുള്ളു എന്നോര്‍ക്കണം. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിസ് അഡ്മിനിസ്‌ട്രേഷന്‍ ( നോവ - NOAA ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 0.72 ഡിഗ്രി സെല്‍ഷ്യസ് ആണ് ജൂണില്‍ കൂടുതല്‍ രേഖപ്പെടുത്തിയ ശരാശരി താപനില.

കരയിലെ താപനില കഴിഞ്ഞ നൂറ്റാണ്ടിലെ ശരാശരിയേക്കാള്‍ 0.95 ഡിഗ്രി വര്‍ധനയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. സമുദ്രോപരിതലത്തിലെ താപനിലയില്‍ ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയേക്കാള്‍ 0.64 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന രേഖപ്പെടുത്തി.

മനുഷ്യന്‍ ആദ്യമായി അന്തരീക്ഷ താപ നില രേഖപ്പെടുത്താന്‍ തുടങ്ങിയത് 1880ല്‍ ആണ്. അതിനു ശേഷം 2014 ജൂണ്‍ മാസമാണ് ഏറ്റവും ചൂടുകൂടിയ മാസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപവര്‍ധന 4 ഡിഗ്രി വരെ ഉയരാ‍ന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

ഇത് കടുത്ത ക്ഷാമത്തിനും ധ്രുവപ്രദേശത്തെ മഞ്ഞുരുകി സമുദ്രവിതാനം ഉയരുന്നതിനും ഇടയാക്കും. അപകടമായ സ്ഥിതിവിശേഷമാകും ഇതുമൂലമുണ്ടാവുക.താപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തുകയാണ് ഇതിനു പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :