അഭിറാം മനോഹർ|
Last Modified വെള്ളി, 16 ജൂലൈ 2021 (14:51 IST)
അഫ്‌ഗാനിസ്ഥാനിലെ പ്രാദേശിക മതനേതാക്കളോട് അതാത് പ്രദേശങ്ങളിലുള്ള 15 വയസ്സിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസ്സിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാൻ നിർദേശം നൽകി താലിബാൻ.
താലിബാൻ പോരാളികൾക്ക് വിവാഹം കഴിക്കാനാണ് ഇത്തരമൊരു ലിസ്റ്റ് തയ്യാറാക്കാൻ നിർദേശിച്ചിട്ടുള്ളതെന്ന് സൺ ദിനപത്രം റിപ്പോർട്ട് ചെയ്‌തു.
അമേരിക്കൻ സൈന്യം അഫ്‌ഗാൻ വിട്ടതോട് കൂടി മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി വരികയാണ് താലിബാൻ. ഇറാന്‍, പാകിസ്താന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്താന്‍, എന്നീ രാജ്യങ്ങളുമായി അഫ്‌ഗാൻ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളും സുപ്രധാന ജില്ലകളും പിടിച്ചെടുത്ത ശേഷമാണ് താലിബാന്‍ പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.അതേസമയം 18 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ ഉടന്‍ വിവാഹം കഴിപ്പിക്കണമെന്ന താലിബാന്‍ തീരുമാനം ഇപ്പോൾ തന്നെ അടിച്ചേൽപ്പിക്കുന്നുണ്ടെന്നും അഫ്‌ഗാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.