ഇത് നമുക്കായി പൊരുതി നേടിയത്; ഗുസ്തിയിൽ ചേർന്നതു കൊണ്ട് അപമാനങ്ങളും എതിർപ്പുകളും സഹിക്കേണ്ടി വന്നു, കുടുംബത്തിലെ കല്യാണങ്ങളിൽ പോലും പങ്കെടുത്തിരുന്നില്ല; സാക്ഷിയുടെ വിജയത്തിന് കാരണങ്ങൾ പലത്

അഭിമാനിക്കാം സാക്ഷിയെ ഓർത്ത്, ഇത് നമുക്കായി പൊരുതി നേടിയത്

aparna shaji| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (09:27 IST)
130 കോടി ഇന്ത്യൻ ജനതയുടെ നീണ്ട നാളത്തെ കാത്തിരുപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്ത്യ മെഡൽ പട്ടികയിലേക്ക്. ദീപ കർമർക്കറും ജീത്തു റായ്‌യും സാനിയ മിർസയുമടക്കമുള്ളവർ ഇന്ത്യയ്ക്കായി മെഡൽ നേടിത്തരുമെന്ന് വിശ്വസിച്ചപ്പോൾ ആരും ഹരിയാനക്കാരിയായ സാക്ഷിയെ തിരിച്ചറിഞ്ഞില്ല. അതുതന്നെയായിരുന്നു സാക്ഷിയുടെ വിജയവും. ആരും പ്രതീക്ഷയർപ്പിക്കാതിരുന്ന സാക്ഷി മെഡൽ പ്രതീക്ഷയിലെക്ക് കുതിച്ചുയർന്നത് വളരെ പെട്ടന്നായിരുന്നു. 2002 മുതല്‍ ഈശ്വര്‍ ധാനിയ എന്ന കോച്ചീന്റെ കീഴിലെ അര്‍പ്പണ ബോധത്തോടെയുളള പരിശീലനത്തിന്റെ പ്രതിഫലം കൂടിയാണ് ഈ ചരിത്ര നേട്ടം.

സാക്ഷിയുടെ വിജയത്തിനു പിന്നിൽ മറ്റൊരു കാരണവുമുണ്ട്. അവളുടെ കുടുംബം. മാറക്കാനയിലെ ഒളിമ്പിക്സ് വേദിയിലേക്ക് പങ്കെടുക്കാൻ വീട്ടിൽ നിന്നും യാത്രതിരിക്കുമ്പോൾ അവൾ തന്റെ മാതാപിതാക്കൾക്ക് ഒരു വാക്ക് നൽകിയിരുന്നു. തിരിച്ച് വരുമ്പോൾ കയ്യിൽ മെഡലുണ്ടാകുമെന്ന്. ആ വാക്ക് അവൾ പാലിച്ചു. കന്നി ഒളിമ്പിക്സിൽ തന്നെ ചരിത്രം കുറിച്ച് വിജയത്തിന്റെ പടികൾ നടന്നു കയറാൻ അവൾക്ക് സാധിച്ചു. നടന്നു കയറി എന്നു പറയുന്നതിനേക്കാൾ ഇടിച്ചു കയറി എന്നു പറയുന്നതാകും ശരി.

പരാജയങ്ങൾ ഒന്നിന്റേയും അവസാനമല്ല. പരിശ്രമികും തോറും അത് നമ്മളെ കൂടുതൽ കൂടുതൽ അടുപ്പിക്കുമെന്ന് പറയുന്നത് ഇതൊക്കെയല്ലേ. പൊരുതി ജയിക്കുകയായിരുന്നു സാക്ഷി.
125 കോടി ജനങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വെങ്കല നേട്ടം സമ്മാനിച്ച സാക്ഷിയുടെ വിജയത്തിന് നൂറു സ്വര്‍ണ മെഡലുകളേക്കാള്‍ തിളക്കമുണ്ട്. ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിത ഗുസ്തി താരമെന്ന നേട്ടവും ഒളിമ്പിക്‌സില്‍ ഇന്തായ്ക്കായി മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമെന്ന നേട്ടവും ഇരുപത്തിമൂന്നുകാരിയാ ഈ ഹരിയാനക്കാരിയ്ക്ക് സ്വന്തം.

പെൺകുട്ടിക‌ൾ ഗുസ്തിപോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോട് എതിർപ്പുള്ള ഒരു ഗ്രാമത്തിൽ നിന്നും വന്ന സാക്ഷിയെ ഇതുവരെ എത്തിച്ചത് ആഗ്രഹവും ലക്ഷ്യത്തെത്താനുള്ള അർപ്പണ മനോഭാവവും വീട്ടുകാരുടെ സപ്പോർട്ടും ആയിരുന്നു. സാക്ഷി ഗുസ്തിയുടെ കളത്തിലേക്കിറങ്ങി തുടങ്ങിയ സമയത്ത് എതിർപ്പുമായി ഒരുപാട് ആളുകൾ എത്തിയിരുന്നു. ഇതുകാരണം കുടുംബത്തിലെ കല്യാണങ്ങളിൽ പോലും അവൾ പെങ്കെടുത്തിരുന്നില്ല. ഇവിടെയൊന്നും തളരാതെ ഇതൊന്നുമല്ല തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് നടന്ന അവളുടെ കാലുകൾ തളർന്നില്ല. അത് ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്തു.

ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ 58, 63, 60 കിലോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാക്ഷി റിയോയില്‍ 58 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2006ല്‍ സബ്-ജൂനിയര്‍ ഏഷ്യന്‍ ലെവലില്‍ മെഡല്‍ നേടിയാണ് സാക്ഷി ഗുസ്തിയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 2014 ഗ്ലാസ്‌കൊ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2015 ഏഷ്യന്‍ റസിലിംഗ് ചാംമ്പ്യന്‍ ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ളസാക്ഷി ചൈനയുടെ സാങ്ങ് ലാനിനെ മലര്‍ത്തിയടിച്ചാണ്
റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്നത്. എന്നാല്‍ റഷ്യയുടെ കോബലോവോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയതോടെ സാക്ഷിക്ക് റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. അത് പിന്നെ ചരിത്രവും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :