സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി

ദമാസ്കസ്| JOYS JOY| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (08:07 IST)
സിറിയയില്‍ വ്യോമാക്രമണം തുടങ്ങി. വിമതകേന്ദ്രങ്ങളെ ലക്‌ഷ്യമിട്ടാണ് റഷ്യ വ്യോമാക്രമണം തുടങ്ങിയിരിക്കുന്നത്. ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്‌മിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഹോമോസ് പ്രവിശ്യയില്‍ ആക്രമണം ഉണ്ടായത്. ഇരുവരുടെയും കൂടിക്കാഴ്ച പരാജയമായിരുന്നു.

സിറിയയിലുള്ള ഇരു രാജ്യങ്ങളുടെയും സായുധ സൈനികര്‍ മുഖാമുഖം വരാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഒബാമയും പുടിനും സമ്മതിച്ചതു മാത്രമായിരുന്നു കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ഏക തീരുമാനം. നിലവില്‍ അമേരിക്ക, ഫ്രാന്‍സ് എന്നിവയും മറ്റു സഖ്യകക്ഷി രാജ്യങ്ങളും സിറിയയില്‍ ഐ എസിനെതിരെ വ്യോമാക്രമണം തുടരുന്നുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തിനു ശേഷം ആക്രമണം തുടങ്ങിയതായി റഷ്യന്‍ വക്താവ് അറിയിച്ചു. എന്നാല്‍ ഐ എസ് ശക്തി കേന്ദ്രങ്ങളിലല്ല റഷ്യ ആക്രമണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :