രോഗിയെ ഇടിച്ചു കൊന്നു - ഡോക്ടർ അറസ്റ്റില്‍

മോസ്കോ| Sajith| Last Updated: ഞായര്‍, 10 ജനുവരി 2016 (15:15 IST)
റഷ്യയിലെ ബെൽഗോറോത്ത് നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറുടെ നരബലി. നഴ്സിനോട് മോശം പെരുമാറ്റം നടത്തിയെന്ന് ആരോപിച്ച് ആശുപത്രിയിൽ എത്തിയ 56കാരനായ യേവ്ഗനി ബാക്തിനെ ഇടിച്ചു കൊന്നു. കഴിഞ്ഞ ഡിസംബർ 29ന് ആയിരുന്നു പ്രസ്തുത സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാർത്താചാനലുകളിലും വൈറലായതോടെ ഡോക്ടർ പിടിയിലാകുകയായിരുന്നു.

രോഗിയെ മറ്റൊരു ഡോക്ടർ പരിശോധിക്കുന്നതിനിടെ ഇയ സെലേൻഡിനോവ് എന്ന ഡോക്ടർ മുറിയിലെത്തുകയും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന നഴ്സ് രോഗിയെ ചൂണ്ടി ഇയാള്‍ തന്നോടു മോശമായി പെരുമാറിയെന്ന് പറയുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഡോക്ടർ ‘നഴ്സിനെ സ്പർശിച്ചത് എന്തിനെന്ന്’ ചോദിച്ചു രോഗിയെയും കൂടെ വന്ന സഹായിയെയും ഇടിക്കുകയായിരുന്നു. ഇടികൊണ്ടു അവശനായ രോഗി നിലത്ത് വീണു.

ഇതിനുശേഷം രോഗി എഴുന്നേറ്റു വന്നെങ്കിലും ഡോക്ടർ അദ്ദേഹത്തെ വീണ്ടും ഇടിച്ചു നിലത്തിട്ട ശേഷം പുറത്തേക്ക്
പോകുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷവും രോഗി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ള സഹായി, ആദ്യം പരിശോധിച്ച ഡോക്ടറോടും നഴ്സിനോടും പറഞ്ഞെങ്കിലും, ഇടിച്ചിട്ട ഡോക്ടർ തന്നെയാണ് രോഗിയെ പരിശോധിച്ചത്. അപ്പോഴേക്കും യേവ്ഗനി ബാക്തിൻ മരിച്ചിരുന്നു.

നിലത്തു വീണ രോഗിയുടെ തലയോട്ടിക്കും തലച്ചോറിനുമേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു എന്ന് ബെൽഗ്രോഡോ അന്വേഷണസമിതി അറിയിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് റഷ്യൻ ആരോഗ്യമന്ത്രി വെറോണിക്ക് ക്വർട്ടോവ അന്വേഷണത്തിന് ഉത്തരവിട്ടു. മന:പൂർവമല്ലാത്ത നരഹത്യക്ക് ഡോക്ടർക്കെതിരെ കേസെടുത്തെന്നും രണ്ടു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്നും ബെൽഗ്രോഡോ പൊലീസ് അറിയിച്ചു. റഷ്യൻ മാധ്യമങ്ങൾ ‘ദ് ബോക്സർ ഡോക്ടർ’ എന്നാണ് ഈ സംഭവത്തിനു ശേഷം ഡോക്ടറെ വിശേഷിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :