റിയോ|
jibin|
Last Updated:
വ്യാഴം, 4 ഓഗസ്റ്റ് 2016 (20:02 IST)
മാറക്കാന മൈതാനത്തിന് ചരിത്രങ്ങള്‍ ഒരുപാട് പറയാനുണ്ട്. ഫുട്‌ബോളിന്റെ ആനന്ദവും കണ്ണീരും കണ്ട ഈ പച്ചപ്പുൽമെത്തയിലേക്ക് ലോകം കാത്തിരുന്ന കായിക മമാങ്കം വിരുന്നെത്തിയിരിക്കുന്നു. ലണ്ടനിലും ബീജിംഗിലും കണ്ട അത്ഭുതങ്ങളൊന്നും റിയോ ഒളിമ്പിക്‍സില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് സൂചന. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ബ്രസീലിന് മുന്‍ ഗെയിംസുകളുടെ പ്രഭയൊന്നും സമ്മാനിക്കാന്‍ സാധിക്കില്ല.
ബ്രസീൽ സമയം നാളെ രാത്രി എട്ടുമുതൽ 11 വരെയാണ് (ഇന്ത്യൻ സമയം ആറിനു പുലർച്ചെ 4.30 മുതൽ) ഉദ്ഘാടന മാമാങ്കം. ചെലവ് ചുരുക്കലിന്റെ ഭാഗമായ് ഉദ്ഘാടന സമാപന ചടങ്ങുകളുടെ തുക ഗണ്യമായ് വെട്ടികുറച്ചിരിക്കുകയാണ്. 11.39 കോടി ഡോളറാണ് പരിപാടികള്‍ക്കായി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് 5.59 കോടി ഡോളര്‍ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധികൾ മൂലം ഏറെ ചെലവു ചുരുക്കിയാണ് ഇക്കുറി ഉദ്ഘാടനമെങ്കിലും വിസ്മയക്കാഴ്ചകൾ ലോകം പ്രതീക്ഷിക്കുന്നുണ്ട്. റിയോ ഡി ജനീറോ എന്ന ഒളിമ്പിക് നഗരമാകട്ടെ, അതിനു സർവഥാ സജ്ജവുമാണ്.
ഉദ്ഘാടന സമാപന പരിപാടികള്‍ക്കായ് 3000 പേരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടന സമാപന സമ്മേളനങ്ങളുടെ സംവിധാനം വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോസ് മെയര്‍ല്ലെസ് ആണ്. ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ ഗിസ്‌ലേ ബുണ്ട് ഉള്‍പ്പെടുന്ന സെലിബ്രറ്റി നിരയുണ്ടാകും. ആമസോൺ കാടുകളുടെ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികൾ ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യ ആകർഷണമാകും. ബ്രസീലിന്റെ പരമ്പരാഗത ഭംഗികളും സംഗീത–നൃത്ത പാരമ്പര്യവും ഇഴചേരുന്നതാകും ചടങ്ങുകൾ.
റിയോ ആഘോഷത്തിലാണ്:-
പാട്ടും ബഹളങ്ങളുമായി റിയോയില്‍ ആഘോഷങ്ങള്‍ തകര്‍ക്കുകയാണ്. ബാറുകളും ഹോട്ടലുകളും ഉണര്‍ന്നു കഴിഞ്ഞു. നഗരത്തിലെ റസ്‌റ്റോറന്റുകളില്‍ വന്‍ തിരക്കാണ് ആനുഭവപ്പെടുന്നത്. ലാറ്റിനമേരിക്കന്‍ ഭക്ഷണം കൊതിക്കുന്നവരും ബ്രസീലിന്റെ തനതായ രുചികള്‍ തേടിയിറങ്ങിയവര്‍ക്കും സംതൃപ്‌തി പകരാന്‍ ബ്രസീലുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വഴിയോരങ്ങളില്‍ കച്ചവടങ്ങള്‍ പൊടിക്കുകയാണ്. എങ്ങും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തങ്ങളുടെ അതിഥികളായി എത്തുന്നവര്‍ക്കായി എല്ലാ അര്‍ഥത്തിലും ഒരുങ്ങിയിരിക്കുകയാണ് ബ്രസീല്‍. സന്ദര്‍ശകരെയും അത്‌ലറ്റുകളേയും ലക്ഷ്യമിട്ട് 12,000 നിശാസുന്ദരികളാണ് തയാറായിരിക്കുന്നത്.
സെക്‍സ് ടൂറിസം ലക്ഷ്യമിട്ട് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഹോട്ടലുകളില്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള കിടക്കകള്‍, കണ്ണാടി സീലിംഗുകള്‍, വെഴ്‌സൈന്‍ സ്യൂട്ട്, ഗ്ലാമര്‍ ഹോളിവുഡ് സ്യൂട്ട്, ജാപ്പനീസ് സ്യൂട്ട്, സഡോമ സോക്കിസം സ്യൂട്ട് എന്നിങ്ങനെ ലൈംഗികത ആനന്ദകരവും വ്യത്യസ്ഥവുമാക്കാനുള്ള വിവിധ സംവിധാനങ്ങള്‍ ഹോട്ടലുകള്‍ ഒരുക്കി കഴിഞ്ഞു.
എങ്ങും കനത്ത സുരക്ഷ:-
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 90 കോടി ഡോളറിന്റെ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാസായുധപ്രയോഗം പോലും ഉണ്ടായേക്കാമെന്ന നിഗമനമുള്ളതിനാല്‍ 1,30.000 ത്തോളം സുരക്ഷാ ജീവനക്കാരെയാണ് രാജ്യത്ത് ആദ്യമായി എത്തിയ ഒളിമ്പിക്‍സിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.
അമേരിക്കന്‍ യുദ്ധതന്ത്രഞ്ജരുടെ സഹായത്തോടെ കര- നാവിക വ്യോമസേനയെ നിയോഗിച്ചു കഴിഞ്ഞു. പൊലീസിനൊപ്പം സൈന്യവും സുരക്ഷയ്‌ക്കായി ഉണ്ടാകും. ബ്രിട്ടീഷ് റോയല്‍ നേവിയില്‍ നിന്ന് 1997ല്‍ വാങ്ങിയ റോഡ് മേക്കര്‍ എന്ന യുദ്ധക്കപ്പലാണ് കോപ്പക്കബാനയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മിസൈല്‍ റോഞ്ചറുകളും വിമാനവേധ ആയുധങ്ങളും ബോഫേഴ്‌സ് പീരങ്കികളുമൊക്കെ കപ്പലില്‍ നിയോഗിച്ചിട്ടുണ്ട്.