പ്ലൂട്ടോയെ അത്രങ്ങോട്ട് കുള്ളനാക്കേണ്ടതില്ല, വലിപ്പം ഇത്തിരി കൂടുതലാണ്...!

ന്യൂയോര്‍ക്ക്‌| VISHNU N L| Last Modified ചൊവ്വ, 14 ജൂലൈ 2015 (15:42 IST)
സൌരയൂഥത്തിലെ ഗ്രഹ പദവി നഷ്ടമായെങ്കിലും കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്ക് പ്രതീക്ഷിച്ചതിലും വലിപ്പം കൂടുത്ല് ആണെന്ന് കണ്ടെത്തി. നാസയുടെ പ്ലൂട്ടോ പര്യവേക്ഷണ പേടകമായ ന്യൂ ഹൊറൈസണ്‍സാണ് വലിപ്പം ശരിയായി നിര്‍ണയിച്ചിരിക്കുന്നത്. പ്ലൂട്ടോയ്ക്ക് 2370 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ്, ന്യൂ ഹൊറൈസണ്‍സിലെ 'ലോങ് റേഞ്ച് റിക്കനൈസണ്‍സ് ഇമേജര്‍' ( ലോറി) പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് ഗവേഷകര്‍ എത്തിയ നിഗമനം.

1930 ല്‍ പ്ലൂട്ടോയെ കണ്ടെത്തിയ നാള്‍ മുതല്‍ ആരംഭിച്ചതാണ് അതിനെത്ര വലിപ്പമുണ്ടെന്ന ചോദ്യം. അതിപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു -ന്യൂ ഹൊറൈസണ്‍സ് മിഷന്‍ സയന്റിസ്റ്റായ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബില്‍ മക്കിന്നോന്‍ പറഞ്ഞു. പ്ലൂട്ടോയുടെ വലിപ്പം കൂടുതലാണെന്ന് മനസിലായതോടെ പ്ലൂട്ടോയുടെ സാന്ദ്രത മുമ്പ് കണക്കാക്കിയതിലും അല്‍പ്പം കുറവാണ് എന്ന് കരുതേണ്ടിവരും.
പ്ലൂട്ടോയ്ക്കുള്ളിലെ ഹിമജലത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. മാത്രമല്ല, പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി (ട്രോപ്പോസ്ഫിയര്‍) കനംകുറഞ്ഞതുമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.

പ്ലൂട്ടോയുടെ ചെറിയ രണ്ട് ഉപഗോളങ്ങളായ നിക്‌സ് ( Nix ), ഹൈഡ്ര ( Hydra ) എന്നിവയുടെ വലിപ്പവും 'ലോറി'യില്‍നിന്നുള്ള ദൃശ്യങ്ങളുപയോഗിച്ച് ഗവേഷകര്‍ കണക്കാക്കി. നിക്‌സിന് 35 കിലോമീറ്ററും, ഹൈഡ്രയ്ക്ക് 45 കിലോമീറ്ററും വ്യാസമുണ്ട്. 2005 ല്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പാണ് ഈ രണ്ട് ചെറുഉപഗോളങ്ങളും കണ്ടെത്തിയത്. പ്ലൂട്ടോയുടെ ഏറ്റവും ചെറിയ ഉപഗോളങ്ങള്‍ കെര്‍ബെറോസ് ( Kerberos ), സ്റ്റിക്‌സ് ( Styx ) എന്നിവയാണ്. തീരെ ചെറുതാകയാല്‍ അവയുടെ വലിപ്പം കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി ന്യൂ ഹൊറൈസണ്‍സ് പേടകം കടന്നുപോകുന്നതിനിടെ അവയുടെ വലിപ്പവും നിര്‍ണയിക്കാമെന്ന് പ്രതീക്ഷയിലാണ് ഗവേഷകര്‍.

2006 ജനവരി 19 ന് അമേരിക്കയില്‍ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് യാത്രയായ ന്യൂ ഹൊറൈസണ്‍സ് പേടകത്തിന്റെ പര്യടനം, പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നതോടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാവുകയാണ്. ചൊവ്വാഗ്രഹത്തിലേക്കുള്ള ആദ്യപര്യവേഷണപേടകമായ 'മാറിനര്‍4' ചൊവ്വയ്ക്കരികിലൂടെ പറന്നത് 1965 ജൂലായ് 14 നാണ്. അതു നടന്ന് കൃത്യം 50 വര്‍ഷം തികയുന്ന ദിവസമാണ് പ്ലൂട്ടോ വാഹനം പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നത്.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19 നാണ് ( EDT രാവിലെ 7.49:57) ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയ്ക്ക് ഏറ്റവുമടുത്തെത്തുക. പേടകത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ 4.5 മണിക്കൂറെടുക്കും. ഇന്ത്യന്‍ സമയം രാത്രി 9.49 ആകും പ്ലൂട്ടോയുടെ സമീപദൃശ്യങ്ങള്‍ ഭൂമിയിലെത്താന്‍. ന്യൂ ഹൊറൈസണ്‍സ് പേടകം അയയ്ക്കുന്ന പ്ലൂട്ടോയുടെ സമീപദൃശ്യങ്ങള്‍ ആദ്യമെത്തുക ഓസ്‌ട്രേലിയിയിലായിരിക്കും. ഓസ്‌ട്രേലിയയിലെ 'കാന്‍ബറ ഡീപ് സ്‌പേസ് കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സ്' ( CDSCC ) ആണ് സിഗ്നലുകള്‍ ആദ്യം സ്വീകരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :