അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (16:28 IST)
യുഎസുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച് എസ് ജയശങ്കറും പീയുഷ് ഗോയലും അമേരിക്കയില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ജയശങ്കര്‍ക്കും മാര്‍ക്കോ റൂബിയയ്ക്കുമിടയില്‍ തുറന്ന ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പീയുഷ് ഗോഗല്‍ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസണ്‍ ഗ്രീയറുമായും ചര്‍ച്ച നടത്തിയിരുന്നു. വ്യാപാരകരാര്‍ ഇതോടെ തത്വത്തില്‍ ധാരണയായെന്നാണ് വിവരം.
അധിക തീരുവ, എച്ച് 1 ബി വിസ തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു വന്നത്. അമേരിക്കന്‍ പ്രതിനിധി കഴിഞ്ഞ 16ന് ഇന്ത്യയിലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് അമേരിക്കയിലെ ചര്‍ച്ച. ഇന്നലെ നടന്ന ചര്‍ച്ചയില്‍ വ്യാപാര കരാറിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കാനാണ് ധാരണയായത്. എല്ലാം വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത റൗണ്ട് സംഭാഷണത്തിനുള്ള തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. അധിക തീരുവ സംബന്ധിച്ച പ്രഖ്യാപനം പിന്‍വലിക്കുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളെ പോസിറ്റീവായാണ് ഇന്ത്യന്‍ വിപണി കാണുന്നത്.