പാക് അധീന കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു, മോദിയെ ഞങ്ങൾ പാഠം പഠിപ്പിക്കും: ഇമ്രാൻ ഖാൻ

Last Updated: വ്യാഴം, 15 ഓഗസ്റ്റ് 2019 (14:38 IST)
പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നു എന്ന ആരോപണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിന ചടങ്ങുകളോടനുബന്ധിച്ച് നടന്ന സംവാദത്തിലാണ് ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

'പാക് അധീന കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുകയാണ്. കശ്മീരിൽ ഇന്ത്യ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽനിന്നും ലോകശ്രദ്ധ തിരിക്കുന്നതിനാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. പാകിസ്ഥാൻ സൈന്യത്തിന് ഇതുമയി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്' എന്നായിരുന്നു ഇമ്രാൻ ഖാന്റെ അരോപണം.

'ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ ഞങ്ങൾ അവസാനം വരെ പോരാടും. പ്രകോപനം സൃഷ്ടിക്കാനാണ് ഭാവം എങ്കിൽ മോദിയെ ഞങ്ങൾ പാഠം പഠിപ്പിക്കും' എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ആർഎസ്എസ് ആശയം നാസികൾക്ക് തുല്യമാണ് എന്ന് വ്യക്തമാക്കി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

'ആർഎസ്എസ് ആശയം പാകിസ്ഥാനും കശ്മീരിനും മാത്രമല്ല, ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കും കൃസ്ത്യാനികൾക്കും ദളിതർക്കും വരെ ഭീഷണിയാണ്. ഇന്ത്യ ഹി‌റ്റ്‌ലറിന്റെ ആശയങ്ങൾ പിന്തുടരുകയാണ്'. ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. കശ്മിരിന്റെ പ്രത്യേക പദവിൽ ഇല്ലാതാക്കിയത് പാകിസ്ഥാനെ അസ്വസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ രൂക്ഷ പരാമർശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :