ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി; ചൈനക്കാര്‍ക്ക് യു‌എസ് വിസയില്‍ ഇളവ്

ബെയ്ജിങ്| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (10:49 IST)
നിയമങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഒരാഴ്ചത്തെ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി. ബെയ്ജിങ്ങില്‍ ഒബാമയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി സ്വീകരിച്ചു.

അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ്-ബിസിനസ് വിസ കാലാവധി ഒരുവര്‍ഷത്തില്‍നിന്നു പത്തുവര്‍ഷമാക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള വിസയുടെ കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് അഞ്ചാക്കും. എന്നാല്‍ ഏഷ്യന്‍ ബിസിനസ് രംഗത്തെ പ്രമുഖരുമായി ഒബാമ ഇന്നു കൂടിക്കാഴ്ച നടത്തുന്നതില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്.

ബിസിനസ് രംഗത്തു പരസ്പരം മല്‍സരിക്കുകയും വെല്ലുവിളികളിലും അവസരങ്ങളിലും പരസ്പരം സഹകരിക്കുകയുമാണു തങ്ങളുടെ നിലപാടെന്ന് ഒബാമ വ്യക്തമാക്കി. ഒരു രാജ്യത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കിയല്ല മറ്റൊരു രാജ്യത്തിന്റെ വളര്‍ച്ചയെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യുന്ന ഒബാമ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായും കാണുന്നുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഒാസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് എന്നിവരുമായും ഒബാമ കൂടിക്കാഴ്ച നടത്തും.

മ്യാന്‍മറില്‍ പൂര്‍വേഷ്യന്‍ ഉച്ചകോടിയിലും ആസിയാന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലും ഒബാമ പങ്കെടുക്കും. അവിടെനിന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലേക്കു തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സമ്മേളനത്തില്‍ സംബന്ധിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉച്ചകോടിക്കായി ചൈനയിലെത്തി. എന്നാല്‍, സമ്മേളനത്തിനിടെ ഒബാമ-പുടിന്‍ കൂടിക്കാഴ്ച ഉണ്ടാകില്ലെന്നു റഷ്യ അറിയിച്ചു. സുപ്രധാനമായ മറ്റൊരു നീക്കത്തില്‍ ഏഷ്യയിലെ ചിരവൈരികളായ ചൈനയും ജപ്പാനും ചര്‍ച്ചകള്‍ക്കായി ബെയ്ജിംഗില്‍ ഒത്തുചേര്‍ന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുള്ള ചര്‍ച്ചകളെ ചരിത്രപരമെന്നാണു ജപ്പാന്‍ വിശേഷിപ്പിച്ചത്.

ബെയ്ജിങ്ങിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളില്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ ആഗ്രഹമനുസരിച്ചാണു കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :