നേപ്പാള്‍ ഇനി മതേതരമല്ല, ഭരണഘടനയില്‍ നിന്ന് മതേതരത്വം ഒഴിവാക്കും

കാഠ്മണ്ഡു| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (14:48 IST)
നേപ്പാള്‍ ഭരണഘടനയില്‍ നിന്ന് മതേതരത്വം ഒഴിവാക്കാന്‍ പോകുന്നു. വിഷയത്തില്‍ ജനങ്ങളിക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും മതേതരത്വം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് ഭാവി ഭരണഘടനയില്‍ നിന്ന് ഇത് നീക്കാന്‍ തീരുമാനമായത്. 80 ശതമാനം ആളുകളും ഹിന്ദുമത വിശ്വാസികളായ നേപ്പാളില്‍ ഹിത പരിശോധനയില്‍ പങ്കെടുത്ത ആളുകളില്‍ കൂടുതല്‍ പേരും പറഞ്ഞത് ഭരണഘടനയില്‍ മതേതര രാഷ്ട്രം എന്നതിനു പകരം ഹിന്ദു രാഷ്ട്രമെന്നോ, മത സ്വാതന്ത്ര്യ രാഷ്ട്രമെന്നോ ചേര്‍ക്കണമെന്നാണ്.

നേരത്തെ ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിലെ രാജഭരണം അവസാനിപ്പിച്ച് മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയപ്പോളാണ് രാജ്യത്തിനെ മതേതര രാജ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ ഇന്ത്യയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇടപെടല്‍ ഉണ്ടായതായി അന്ന് അതിനെ എതിര്‍ത്തിരുന്നവര്‍ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍ പ്രക്ഷോഭം നടന്നിരുന്നു.

നിലവിലെ ജനഹിതം മതേതരത്വത്തിന് എതിരായതിനാല്‍ യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റുകളും, മറ്റ് രാഷ്ട്രീയ കക്ഷികളും ഈ പദം ഒഴിവാക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന് ആവശ്യങ്ങള്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയോ, പ്രസിഡന്റോ ഭരണത്തലവനായാലും അയാള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ആളായിരിക്കണമെന്നും ഹിത പരിശോധനയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :