തായ്‌ലന്‍ഡ്|
Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (19:14 IST)
ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് റോഡരുകിലുള്ള ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ബൈക്കില്‍ പാഞ്ഞുപോകുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു.
സെന്‍ട്രല്‍ തായ്‌ലന്‍ഡിലെ സമുത് പ്രകാനിലാണ് സംഭവം. സ്വന്തം അപ്പാര്‍ട്ടുമെന്‍റില്‍ വച്ചാണ് 29കാരിയായ യുവതി തന്‍റെ അഞ്ചാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. തൊട്ടടുത്ത ദിവസം കുഞ്ഞിനെ ഒരു കറുത്ത ബാഗിലാക്കി അടുത്ത നഗരത്തിലെത്തിയ യുവതി വഴിയരുകിലുള്ള ഒരു ചവറുതൊട്ടിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
നാലുമണിക്കൂറിലധികം ചവറ്റുകുട്ടയില്‍ കിടന്ന കുഞ്ഞിനെ ചവറെടുക്കുന്നവരാണ് പിന്നീട് ആശുപത്രിയിലെത്തിക്കുന്നത്. അതേസമയം തന്നെ, അമിതമായി രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസും ആശുപത്രിയിലെത്തിച്ചു. താനാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നും വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെയാണ് അങ്ങനെ ചെയ്തതെന്നും യുവതി പൊലീസിനോട് സമ്മതിച്ചു.
തൊട്ടടുത്ത നഗരത്തില്‍ ഡ്രൈവറായാണ് തന്‍റെ ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും വീണ്ടുമൊരു കുഞ്ഞിനെ വളര്‍ത്താനുള്ള വഴിയൊന്നുമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ ആരെങ്കിലും എടുത്ത് വളര്‍ത്തിക്കോട്ടെയെന്ന് കരുതിയാണ് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.