മോഡി ഫ്രാന്‍സിലെത്തി; ആണവ-ആയുധ കരാറുകളില്‍ ഒപ്പിട്ടേക്കും

മോഡി, ഫ്രാന്‍സ്, പോര്‍ വിമാന കരാര്‍
പാരീസ്| VISHNU N L| Last Updated: വെള്ളി, 10 ഏപ്രില്‍ 2015 (10:37 IST)
ഒന്‍പത് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സില്‍ എത്തി. പാരീസ് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയ്ക്ക് ഫ്രഞ്ച് കായിക മന്ത്രി തിയറി ബ്രയിലേര്‍ട്ടും ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ തുടങ്ങിയ മൂന്ന് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. വിദേശനിക്ഷേപം, സങ്കേതിക സഹകരണം, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവയാണ് ഈ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.

ആദ്യ ദിവസമായ ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലോന്ദേയുമായി മോദി കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സുമായി പ്രതിരോധ, ആണവ കരാറുകളിമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. 13 ബില്യണ്‍ ഡോളറിന്റെ ( 75,000 കോടി രൂ‍പ) റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. ഇതിനു ശേഷം യുനസ്കോ, ഇന്ത്യന്‍ വംശജരുടെ സമ്മേളനം എന്നിവിടങ്ങളിലും മോഡി എത്തും. തുടര്‍ന്ന് ഒന്നാം ലോകമഹായുദ്ധ സ്മാരകം, എയര്‍ ബസ് ഫാക്ടറി, ഫ്രഞ്ച് ബഹിരാകാശകേന്ദ്രം എന്നിവിടങ്ങളില്‍ മോഡി സന്ദര്‍ശനം നടത്തും.

മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് വ്യവസായ പ്രമുഖരുമായും നരേന്ദ്ര മോഡി ചര്‍ച്ചകള്‍ നടത്തും. ഫ്രാന്‍സിലെ തിരക്കിട്ട പരിഡപാടികള്‍ക്ക് ശേഷം ശനിയാഴ്ച പ്രധാനമന്ത്രി ജര്‍മ്മനിയിലേക്ക് തിരിക്കും. ജര്‍മ്മനിയില്‍ നിന്നും പിന്നീട് കാനഡയിലേക്ക് പോകും. പ്രധാനമന്ത്രി ആയതിനു ശേഷമുള്ള മോഡിയുടെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനമാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :