ഭൂകമ്പത്തിന്റെ ഞെട്ടല്‍ വിട്ടൊഴിഞ്ഞ് ഗൌരിക സിംഗ് റിയോയിലേക്ക്; റിയോ ഒളിംപിക്സിലെ ഇളയകുട്ടി പതിമൂന്നുകാരിയായ ഇവളാണ്

ഗൌരിക സിംഗ് റിയോ ഒളിംപിക്‌സിലെ ഇളയകുട്ടി

റിയോ ഡി ജനീറോ| JOYS JOY| Last Updated: ബുധന്‍, 3 ഓഗസ്റ്റ് 2016 (15:47 IST)
നേപ്പാള്‍ ഭൂകമ്പത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തയായി റിയോയില്‍ എത്തിയതാണ് പതിമൂന്നുകാരി ഗൌരിക സിംഗ്. വെറുതെയല്ല, നേപ്പാളിലെ നീന്തല്‍ കുളങ്ങളില്‍ ഏഴു ദേശീയ റെക്കോര്‍ഡാണ് ഇവള്‍ സ്ഥാപിച്ചിട്ടുള്ളത്. പതിമൂന്നാം വയസ്സില്‍ ഏഴു ദേശീയ റെക്കോര്‍ഡുകള്‍ക്ക് ഉടമയായ ഗൌരിക റിയോയ്ക്ക് വിമാനം പിടിച്ചത് ഈ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റ് എന്ന ബഹുമതി കൂടി സ്വന്തമാക്കിയാണ്.

ലണ്ടനില്‍ താമസിക്കുന്ന ഗൌരിക സിംഗ് നേപ്പാളിനെ പ്രതിനിധീകരിച്ചാണ് ഒളിംപിക്സിന് എത്തുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു വേണ്ടി കാഠ്‌മണ്ഡുവില്‍ എത്തിയപ്പോള്‍ ആയിരുന്നു ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നെടുത്ത ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെക്കുറിച്ച് പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണ് ഗൌരികയ്ക്ക് ഉള്ളത്.

തന്റെ അമ്മയോടും കുഞ്ഞനുജന്‍ സൌരനുമൊപ്പം കഴിഞ്ഞ ആ ദിവസങ്ങള്‍ ഇന്നും ഗൌരികയ്ക്ക് ഭയമുളവാക്കുന്നു. ചുറ്റുമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ തങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം മാത്രമാണ് നിലം പൊത്താതെ നിന്നത് ഭാഗ്യം കൊണ്ടാണ്, അത് പുതിയ കെട്ടിടമായിരുന്നു എന്നതും ഭാഗ്യമായി എന്ന് ഗൌരിക ഓര്‍ക്കുന്നു.

ഗൌരികയ്ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് കുടുംബം ലണ്ടനിലേക്ക് കുടിയേറിയത്. വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തെ കാണുവാന്‍ നേപ്പാളില്‍ എത്താറുള്ള ഗൌരിക പതിനൊന്നാം വയസ്സിലാണ് നേപ്പാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. നേപ്പാളിലെ നീന്തല്‍ക്കുളങ്ങളില്‍ ഏഴു ദേശീയറെക്കോര്‍ഡുകള്‍ രചിച്ചപ്പോള്‍ റിയോ ഒളിംപിക്സിനുള്ള വാതില്‍ ഗൌരികയ്ക്ക് മുന്നില്‍ തുറക്കുകയായിരുന്നു. ഒളിംപിക് അക്വാട്ടിക് സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് എട്ടിനാണ് ഗൌരികയുടെ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :