Last Modified വ്യാഴം, 2 മെയ് 2019 (10:33 IST)
ജെയ്ഷ് -ഇ- മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ് യു എൻ സമിതി. നേരത്ത നാലു തവണ
ചൈന ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇത്തവണ എതിർത്തില്ല. ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടാണ് അസറിനെതിരെയുള്ള യു എൻ
നടപടിയെ വിലയിരുത്തുന്നത്. യുഎസും യുകെയും ഫ്രാൻസുമാണ് യുഎന്നിൽ
മസൂദ് അസറിനെതിരെയുള്ള നടപടിക്ക് നിർദേശിച്ചത്.
മുംബൈ ഭീകരക്രമണത്തിൽ മസൂദ് അസറിന് പങ്കുണ്ടായിരുന്നു. മസൂദ് അസറിന്റെ സ്വത്ത് കണ്ടുകെട്ടാനും സാമ്പത്തിക സ്രോതസ് തടയാനും നീക്കമുണ്ട്. അസറിന്
രാജ്യാന്തര വിലക്കുമുണ്ടാകും. കൂടാതെ, അസറിനെതിരെ
നടപടിയെടുക്കാൻ പാകിസ്താന് നിർബന്ധിതരാകും.അൽ ഖ്വൈദയുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് യു എൻ മസൂദ് അസറിനെതിരെയുള്ള
യു എൻ നടപടി. ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ടു ആയുധം വിതരണം ചെയ്തതിനും, കൈമാറിയതിനും സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനും സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2001 ഒക്ടോബർ 17 യു എൻ രക്ഷാ സമിതി ജയ്ഷ് - ഇ - മുഹമ്മദിനെതിരെയും നടപടി സ്വീകരിച്ചിരുന്നു
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ
ഭവൽപൂരിൽ 1968 ജൂലൈ പത്തിനാണ്
മസൂദ് അസർ ജനിച്ചത്. ഭവൽപൂരിലെ ഒരു
സർക്കാർ
സ്കൂളിലെ പ്രധാന അധ്യാപകന്റെ മകനായാണ് മസൂദ് അസർ ജനിച്ചത്.എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കറാച്ചിയിലേക്ക് വിദ്യാഭ്യാസത്തിനായി അസർ എത്തി.അവിടുത്തെ പഠനത്തിനിടയിലാണ് അസറിന്
ഭീകരവാദ ഗ്രൂപ്പുകളായി ബന്ധമുണ്ടായതെന്നാണ് ഇന്ത്യൻ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. 1989 ൽ ബിരുദ പഠനം പൂർത്തിയാക്കിയ അസർ പിന്നീട് അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് സൈന്യത്തിനെതിരായ കലാപത്തിന്റെ ഭാഗമായി.
ഇതിനായി യു എസ് പിന്തുണയുണ്ടായിരുന്നു എന്ന് വിശേഷിപ്പിക്കപ്പെട്ട ഹർക്കത്തുൽ മുജാഹിദ്ദിന്റെ ഭാഗമായി മസൂദ് അസർ. എന്നാൽ മോശം ശാരീരികസ്ഥിതിയായതിനാൽ 40 ദിവസത്തെ നിർബന്ധിത പരിശീലനം പൂർത്തിയാക്കാൻ അസറിന് സാധിച്ചില്ല.ഇതേ തുടർന്ന് ഈ ഭീകര സംഘടനയുടെ പ്രസിദ്ധീകരണമായ സദാ- ഇ- മുജാഹിദീന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ആരംഭിച്ചു.
പിന്നീട് കശ്മീരിലെ ഹർക്കത്ത് -ഉൽ -ജിഹാദ് ഇസ്ലാമി, ഹർക്കത്ത് - ഉൽ-മുജാഹിദ്ദീൻ എന്നീ ഗ്രൂപ്പുകളെ
ഹർക്കത്ത്- ഉൽ- അൻസറായി ലയിപ്പിക്കുന്നതിന് ചുമതല അസറിനായിരുന്നുവെന്നും അറസ്റ്റിലായ അസർ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
അമ്പത് വയസ്സിനിടയിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പലതവണ അസറിന്റെ പേര് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഉയർന്നു വന്നു. ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ
മസൂദ് അസറിലേയ്ക്കാണ് വിരൽ ചൂണ്ടിയത്. 2001 ൽ നടന്ന പാർലമെന്റ് ആക്രമണത്തിന് പിന്നിലും അസറായിരുന്നു.1994 ഫെബ്രുവരിയിൽ മസൂദ് അസർ അറസ്റ്റ് ചെയ്യപ്പെട്ടു.
കശ്മീരിൽ വച്ചായിരുന്നു അന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് അസറിനെ അറസ്റ്റ് ചെയ്തത്.
അഞ്ച് വർഷം ഇന്ത്യൻ തടവറയിലായിരുന്നു അസർ.
1999 ൽ മസൂദ് അസറിനെ മോചിപ്പിക്കാനായാണ് കാണ്ഡഘാറിൽ വിമാനം ഹൈജാക്ക് ചെയ്തത്.
അന്നത്തെ ബി ജെ പി സർക്കാർ മസൂദ് അസറിനെ മോചിപ്പിച്ചു.
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയാണ് ജെയ്ഷ് -ഇ- മുഹമ്മദ്. ജെ ഇ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു അറിയപ്പെടുന്ന സംഘടന 2000 ത്തിലാണ് രൂപീകരിച്ചത്. 1999 ൽ ജയിൽ
മോചിതനായ ശേഷമാണ് മസൂദ് അസർ ഈ സംഘടന രൂപീകരിക്കുന്നത്.ഹർക്കത്തുൽ മുജാഹിദ്ദീൻ എന്ന സംഘടനയിലായിരുന്നു ആദ്യം മസൂദ് അസർ പ്രവർത്തിച്ചിരുന്നത്. ഇവർക്ക് അൽ ഖ്വൈദയുമായി ബന്ധമുണ്ടായിരുന്നു.പത്താൻകോട്ട് സൈനികവിമാനത്താവള ചാവേർ ആക്രമണം, ഉറി ആക്രമണം, പുൽവാമയിൽ
സൈനികർക്ക് നേരെ നടന്ന ചാവേർ ആക്രമണം തുടങ്ങിയവ ജെ ഇ എം
നടത്തിയ
ഭീകരാക്രമണങ്ങളാണ്.
ഇന്ത്യയിൽ നടന്ന മറ്റ് പല ഭീകരാക്രമണങ്ങൾക്കും പിന്നിൽ
ജെ ഇ എം ആണെന്ന് ആരോപണമുണ്ട്. അൽ ഖ്വൈദ, അഫ്ഗാൻ താലിബാൻ എന്നിവരുടെ പിന്തുണ ജെ ഇ എമ്മിന് ഉണ്ടെന്ന് വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ഇന്ത്യയോടൊപ്പം
പാകിസ്ഥാൻ, റഷ്യ, കാനഡ, യു എ ഇ, യുകെ യുഎസ്, എന്നിവരും ജെയ്ഷയെ
ഭീകരസംഘടനായി കണക്കാക്കുന്നു.
പാകിസ്ഥാൻ ജെയ്ഷ് ഇ മുഹമ്മദിനെ
ഭീകരവാദ സംഘടനയെന്ന് പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. കശ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളിൽ ജെ ഇ എമ്മിന് പങ്കുണ്ടെന്ന് വിദേശ മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട്
ചെയ്തിരുന്നു.