സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (10:22 IST)
ലോകത്ത് അവസാനമില്ലെന്ന മട്ടില്‍ കൊവിഡ് വിളയാടുകയാണ്. ലോകത്ത് ഇതുവരെയും 40 കോടിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. ലക്ഷകണക്കിന് പേര് മരിക്കുകയും ചെയ്തു. പലര്‍ക്കും പല തവണയാണ് കൊവിഡ് വന്നത്. എന്നാല്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് 78 തവണയാണ്. തുര്‍ക്കിയിലെ മുസാഫിര്‍ കയാസന് എന്ന 56കാരനെയാണ് കൊറോണ ഇത്തരത്തില്‍ വേട്ടയാടിയത്. ഇതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ക്വാറന്റൈനില്‍ കഴിയുകയാണ്. 2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യം കൊവിഡ് ബാധിച്ചത്.
തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നെഗറ്റീവാകുകയും ചെയ്തു. എന്നാല്‍ വീണ്ടും കൊവിഡ് ബാധിതനാകുകയായിരുന്നു. ഇതിനു ശേഷം ഇദ്ദേഹം നെഗറ്റീവായിട്ടില്ല. 78 തവണ കൊവിഡ് ടെസ്റ്റു നടത്തിയപ്പോഴും ഫലം പോസിറ്റീവായിരുന്നു.
ഓരോ തവണ കൊവിഡ് പരിശോധിക്കുമ്പോഴും ഇദ്ദേഹം ക്വാറന്റൈനില്‍ പോകും. അങ്ങനെ 14മാസം തുടര്‍ച്ചയായി ക്വാറന്റൈനിലായ ഇദ്ദേഹത്തിന്റെ സാമൂഹിക ജീവിതം അവസാനിച്ചിരിക്കുകയാണ്. കൊറോണ നെഗറ്റീവാകാത്തതുകൊണ്ട് ഇദ്ദേഹത്തിന് വാക്സിനെടുക്കാനും സാധിച്ചിട്ടില്ല. ബന്ധുക്കളെ റൂമിനകത്തു നിന്ന് ജനല്‍ വഴിയാണ് ഇദ്ദേഹം കാണുന്നത്.
കയാസണിന് ലുക്കീമിയ എന്ന രക്താര്‍ബുദം ഉണ്ട്. അതിനാല്‍ ഇദ്ദേഹത്തിന്റെ പ്രതിരോധ ശേഷി തീരെ കുറവാണ്. പ്രതിരോധ ശേഷി കൂടാനുള്ള മരുന്ന് കഴിക്കുന്നുണ്ട്. പതിയെ ഇത് ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.