ഇംഗ്ലീഷ് അറിയാത്ത മുസ്ലിം വനിതകള്‍ നാടുവിട്ടു പോകണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

ലണ്ടന്| Sajith| Last Modified ചൊവ്വ, 19 ജനുവരി 2016 (12:11 IST)
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത മുസ്ലിം വനിതകളെ ബ്രിട്ടന്‍ നാടുകടത്താന്‍ ഒരുങ്ങുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലീഷില്‍ ആളുകള്‍ക്കുള്ള പരിജ്ഞാനക്കുറവ് ഐ എസ് പോലുള്ള ഭീകര സംഘടനകള്‍ നല്‍കുന്ന സന്ദേശങ്ങളില്‍ എളുപ്പം സ്വാധീനിക്കപ്പെടാന്‍ കാരണമാകുമെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷ പരിജ്ഞാ‍നം ഇല്ലാത്തവരാണ്. ഇത്തരം ആളുകളുടെ ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവുകള്‍ ഇരുപതു മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കാമറൂണിന്റെ ഈ പ്രസ്താവന.
പങ്കാളിക്കൊപ്പം താമസിക്കാന്‍ എത്തുന്ന ഭാര്യ ബ്രിട്ടനില്‍ എത്തുന്നതിനു മുമ്പു തന്നെ ഇംഗ്ലീഷ് പഠിച്ചിരിക്കണമെന്ന വ്യവസ്ഥ എമിഗ്രേഷന്‍ നിയമത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാലും ബ്രിട്ടനിലെത്തി രണ്ടരവര്‍ഷത്തിനുശേഷം ഇത്തരം വ്യക്തികളുടെ ഭാഷാ പരിജ്ഞാനം വര്‍ധിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി കൂടുതല്‍ പരീക്ഷകള്‍ നടത്തേണ്ടതുണ്ടെന്നും കാമറൂണ്‍ അറിയിച്ചു.

ഇംഗ്ലണ്ടിലുള്ള 190,000 മുസ്ലിം യുവതികളില്‍ 22% പേര്‍ ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവരോ അല്ലെങ്കില്‍ ഇംഗ്ലീഷ് തീരെ അറിയാത്തവരോ ആണ്. കാമറൂണിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :