അച്ഛനെ കൊലപ്പെടുത്തിയ മൂന്ന് പെൺകുട്ടികൾ; എന്നിട്ടും ഒരു നാട് മുഴുവൻ അവർക്കൊപ്പം നിന്നു, എന്തിന് ?

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (15:44 IST)
ഉറങ്ങിക്കിടന്ന അച്ഛനെ മൂന്ന് പെൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തുന്നു. അതിൽ ഒരാൾക്ക് പ്രയപൂർത്തി പോലും ആയിട്ടില്ല. പൊലീസ് പെൺകുട്ടികളെ അറസ്റ്റ് ചെയ്യുന്നു. എന്നാൽ, മൂന്ന് പേരേയും വെറുതേ വിടണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് 3 ലക്ഷത്തിലധികം ആളുകൾ. റഷ്യയെ ഞെട്ടിച്ച സംഭവമായിരുന്നു 2018 ജൂലൈ 27നു മോസ്കോയിൽ അരങ്ങേറിയത്.

സ്വന്തം അച്ഛനെ കൊലപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് ഒരു നാട് മുഴുവൻ ആ പെൺകുട്ടികൾക്കൊപ്പം നിലയുറപ്പിച്ചത്?. കാരണം, നിസാരമല്ല. സ്വന്തം പെൺകുട്ടികളെ ശാരീരികമായും മാനസികമായും ദിവസേന പീഡിപ്പിക്കുന്ന ഒരച്ഛനെ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് പെൺകുട്ടികൾക്കായി വാദിക്കുന്നവർ ചോദിക്കുന്നത്.

2018 ജൂലൈ 27 ന് വൈകുന്നേരമാണ് റഷ്യയെ നടുക്കിയ കൊലപാതകം നടക്കുന്നത്. 57 കാരനായ മിഖായേല്‍ ഖച്ചാടൂര്യന്‍ ഫ്ലാറ്റ് വൃത്തിയാക്കിയില്ല എന്ന് പറഞ്ഞ് മക്കളെ ഓരോരുത്തരെയായി തന്റെ റൂമിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ശേഷം മുഖത്ത് കുരുമുളക് വാതകം സ്പ്രേ ചെയ്യുകയും ചെയ്തു. അപ്പോൾ ഇളയവളായ മരിയയ്ക്ക് വയസ് 17 ആയിരുന്നു.

ക്രൂരപീഡനത്തിനു ശേഷം അദ്ദേഹം ഉറങ്ങാൻ പോയി. ഈ സമയം മക്കളായ ക്രെസ്റ്റീന (19), ആഞ്ചലീന (18), മരിയ (17) എന്നിവര്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് കയറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈവശം കുരുമുളക് സ്പ്രേ, മറ്റൊരാളുടെ കയ്യില്‍ കത്തി, അടുത്തയാളുടെ കയ്യില്‍ ചുറ്റികയുമുണ്ടായിരുന്നു. പൊലീസ് എത്തി മൃതദേഹം കണ്ടെത്തുമ്പോൾ മുപ്പത്തിലധികം മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു.

ഒന്നുറക്കെ നിലവിളിക്കാന്‍ പോലും അവസരം കൊടുക്കാതെയായിരുന്നു മൂന്ന് പേരുടേയും ആക്രമണം. സംഭവത്തിൽ ഈ സഹോദരിമാര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. കൊലപാതക അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അവരുടെ കുടുംബത്തിന്റെ ചരിത്രം വരെ ചികഞ്ഞെടുത്തു.

മിഖായേല്‍ ഖച്ചാടൂര്യന്‍ വര്‍ഷങ്ങളായി മക്കളെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ജയിലിനു തുല്യമായിരുന്നു അവരുടെ ജീവിതം. അവരുടെ നിലവിളികള്‍ അകലെയുള്ള വീടുകളിലേക്കു കേള്‍ക്കുമായിരുന്നെങ്കിലും ആരും അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല.

2015-ല്‍ പെണ്‍കുട്ടികളുടെ അമ്മ യുറേലിയ ദുണ്ടുക്കിനെ മിഖായേല്‍ വീട്ടില്‍നിന്നും പുറത്താക്കിയിരുന്നു. വീട്ടിൽ നിന്നും പോയില്ലെങ്കില്‍ പെണ്‍മക്കളെ കൊന്നുകളയുമെന്നായിരുന്നു അയാളുടെ ഭീഷണി. ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നതിനാൽ അമ്മ മക്കളുടെ ജീവനെ ഓർത്ത് വീട്ടിൽ നിന്നും പോവുകയായിരുന്നു. ഇതിനു ശേഷമായിരുന്നു മക്കളെ പീഡിപ്പിച്ച് തുടങ്ങിയത്.

മിഖായേലിന്റെ കൊലപാതക കേസ് റഷ്യയിലെങ്ങും വളരെ വേഗം തന്നെ ശ്രദ്ധപിടിച്ചുപറ്റി. പെണ്‍കുട്ടികള്‍ക്കായി മനുഷ്യാവകാശപ്രവര്‍ത്തകരും മറ്റും രംഗത്ത് വരികയും ഇവർ കുറ്റവാളികളല്ലെന്നും ഇരകളാണെന്നും വാദിക്കുകയും ചെയ്തു.

ഇപ്പോള്‍ മാസ്‌കോയിലെ തെരുവുകളില്‍ ഖച്ചാടൂര്യന്‍ സഹോദരിമാര്‍ക്കു വേണ്ടിയിള്ള സമരങ്ങള്‍ നടക്കുകയാണ്. പെൺകുട്ടികളെ അവഗണിക്കാനാകില്ലെന്ന് പറഞ്ഞ് റഷ്യന്‍ ജനതയാകെ പെണ്‍കുട്ടികള്‍ക്ക പിന്‍ന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും ക്രൂരമായ സാഹചര്യങ്ങളെ ഒറ്റക്ക നേരിട്ട കുട്ടികള്‍ പിന്നെ എന്തു ചെയ്യണമായിരുന്നു’ എന്ന് അവര്‍ നിയമ വ്യവസ്ഥയോടുതന്നെ ചോദിക്കുകയാണ്. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നു ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :