യുഎസ് തിരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനാര്‍ഥിയായതില്‍ സന്തോഷമെന്ന് കമല ഹാരിസ്

പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ നോമിനിയാകാന്‍ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുടെ വോട്ടുകള്‍ നേടിയെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍ ജെയിം ഹാരിസണ്‍ അറിയിച്ചു

രേണുക വേണു| Last Modified ശനി, 3 ഓഗസ്റ്റ് 2024 (08:32 IST)

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ച് കമല ഹാരിസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കമല പറഞ്ഞു. അടുത്ത ആഴ്ച സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കമല എക്‌സില്‍ കുറിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ നോമിനിയാകാന്‍ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുടെ വോട്ടുകള്‍ നേടിയെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍ ജെയിം ഹാരിസണ്‍ അറിയിച്ചു. 4,000 ഡെലിഗേറ്റുകളാണ് പാര്‍ട്ടി നോമിനിയെ തീരുമാനിക്കാന്‍ വോട്ട് രേഖപ്പെടുത്തിയത്. ചിക്കാഗോ കണ്‍വെന്‍ഷനില്‍ വെച്ചായിരിക്കും കമലയെ സ്ഥാനാര്‍ഥിയായി ഡെമോക്രാറ്റിക് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

59 കാരിയായ കമല നിലവില്‍ യുഎസ് വൈസ് പ്രസിഡന്റാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ താന്‍ ഇല്ലെന്നും കമലയെ സ്ഥാനാര്‍ഥിയാക്കുമെന്നും ജോ ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :