ഇസ്രായേല്‍|
jibin|
Last Modified ചൊവ്വ, 7 ജൂണ്‍ 2016 (11:56 IST)
ജെറുസലേമിലുള്ള യേശുക്രിസ്‌തുവിന്റെ ശവക്കല്ലറയെ ചൊല്ലി ക്രിസ്‌ത്യന്‍ സഭകള്‍ക്കിടയില്‍ രൂക്ഷമായിരുന്ന തര്‍ക്കത്തിന് അയവുണ്ടായെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ച് ഓഫ് ദി ഹോളി സെപുള്‍ച്ചറിലുള്ള ചരിത്രപ്രാധാന്യമുള്ള
ശവക്കല്ലറ പുതുക്കിപ്പണിയാന്‍ സഭകള്‍ ഒരുമിച്ച് തീരുമാനിച്ചു. 200 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണീ കുടീരത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
1810ലായിരുന്നു അവസാനമായിരുന്നു ശവക്കല്ലറയില്‍ അവസാനമായി പുതുക്കിപ്പണികള്‍ നടന്നത്. പരിപാലനം മെച്ചപ്പെടുത്തുക, അറ്റകുറ്റപ്പണികള്‍ സജീവമായി വേഗത്തില്‍ നടത്തുക, കല്ലറയുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, വിശ്വാസികള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് തിങ്കളാഴ്‌ച മുതല്‍ ആരംഭിച്ചിരിക്കുന്നത്.
ഗ്രീക്കില്‍ നിന്നുള്ള ഒമ്പത് വിദഗ്ദര്‍ അടങ്ങിയ സംഘമാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് വിശ്വാസികള്‍ എത്തുന്നുണ്ടെങ്കിലും കുടീരം ഇപ്പോഴും ഉറപ്പുള്ളതാണ്. എന്നാല്‍, മഴയിലും വെയിലിലും ചെറിയ കേടുപാടുകള്‍ വന്നിട്ടുണ്ട്. മെഴുകു തിരിയുടെ പുകയേറ്റ് ഭിത്തികള്‍ക്ക് നേരിയ മങ്ങലുമുണ്ട്. മാര്‍ബിളിനൊപ്പം കല്ല് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന തറയോടുകള്‍ക്കും സ്ഥാന ചലനം വന്നിട്ടുണ്ടെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്.
യേശു ക്രിസ്‌തുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇവിടെ ക്രിസ്‌ത്യന്‍ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. വിശ്വാസികള്‍ ഏറെ എത്തിത്തുടങ്ങിയതോടെയാണ് സഭകള്‍ തമ്മില്‍ തര്‍ക്കവും മുറുകിയത്. സാഹചര്യം മോശമായതോടെ ഓരോ ഭാഗവും പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വം വീതിച്ച് നല്‍കുകയായിരുന്നു. റോമന്‍ കാത്തോലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‍സ്, അര്‍മേനിയന്‍ ചര്‍ച്ചസ് എന്നീ സഭകള്‍ക്കാണ് ഓരോ ഭാഗത്തിന്റെയും അവകാശം. എന്നാല്‍, കുറച്ചുകാലമായി കുടീരത്തിനായി അവകാശം ഉന്നയിച്ച് സഭകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും 2008ല്‍ പ്രശ്‌നം ഗുരുതരമായി തീരുകയുമായിരുന്നു.
സഭകള്‍ തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിന്റെയും അധികൃതരുടെയും കണ്ണില്‍ പെട്ടതോടെ സഭകള്‍ തല്‍ക്കാലത്തേക്ക് ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ഇടയ്‌ക്ക് ഉണ്ടായിരുന്ന സംഘര്‍ഷം ശവകുടീരത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നുവെന്ന് കാട്ടി ഇസ്രായേല്‍ പൊലീസ് മന്ദിരം അടച്ചു പൂട്ടിയിരുന്നു. തുടര്‍ന്ന് സഭകള്‍ ചര്‍ച്ചകള്‍ നടത്തുകയും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയുമായിരുന്നു. അതിന്റെ ആദ്യഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സഭകള്‍ തിരുമാനിക്കുകയായിരുന്നു.