അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (12:43 IST)
അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ സിറിയയുടെ യുദ്ധക്കപ്പലുകളും ഇസ്രായേല്‍ തകര്‍ത്തു. അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നങ്കൂരമിട്ടിരുന്ന പതിനഞ്ചോളം കപ്പലുകള്‍ പൂര്‍ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടം വരുത്തി.
അസദ് നാടുവിടുകയും വിമതര്‍ സിറിയ പിടിച്ചെടുക്കുകയും ചെയ്തതോടെ തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകള്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രായേല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം.
ഇതിനിടെ പശ്ചിമേഷ്യയുടെ മുഖം തന്നെ മാറ്റുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അസദ് ഭരണകൂടത്തിന്റെ കാലത്ത് സിറിയ ഇറാനുമായുള്ള സഹകരണം ശക്തമാക്കിയിരുന്നു.
ഇസ്രായേലിനെതിരെ പൊരുതുന്ന ഹമാസ്, ലെബനീസ് സായുധസംഘമായ
ഹിസ്ബുള്ള എന്നിവര്‍ക്കുള്ള ആയുധങ്ങള്‍ ഇറാന്‍ എത്തിക്കുന്നത് സിറിയ വഴിയാണെന്ന് ഇസ്രായേല്‍ കാലങ്ങളായി ആരോപിക്കുന്നതാണ്. സിറിയയുടെ നിയന്ത്രണം കരസ്ഥമാക്കുന്നതോടെ ഇസ്രായേലിനെതിരായ ഈ ആക്രമണങ്ങളുടെ മുനയൊടിക്കാമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു കണക്കുക്കൂട്ടുന്നത്. ശത്രുതയുടെ ഒരു ശക്തിയേയും അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു വ്യക്തമാക്കിയത്.
അതേസമയം ഇസ്രായേലിന്റെ ആക്രമണങ്ങളെ ഖത്തരും സൗദി അറേബ്യയും അപലപിച്ചു. സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള സിറിയന്‍ സാധ്യതകളെ തകര്‍ക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് സൗദി പറഞ്ഞു. ഇതിനിടെ ബാഷര്‍ അല്‍ അസദിനെ പുറത്താക്കി സിറിയന്‍ ഭരണം പിടിച്ച വിമതര്‍ മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കി നിയമിച്ചു. 2025 മാര്‍ച്ച് ഒന്ന് വരെയാണ് അല്‍ ബഷീറിന്റെ കാലാവധി.