'ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിൻ്റെ ചാമ്പ്യൻ, രത്തൻ ടാറ്റ ഇന്ത്യയുടെ അഭിമാന പുത്രൻ': അനുശോചിച്ച് നെതന്യാഹു

നിഹാരിക കെ എസ്| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2024 (13:02 IST)
വ്യവസായിയും ആഗോള പ്രമുഖനുമായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തൻ്റെ രാജ്യത്ത് നിരവധി ആളുകൾ ടാറ്റയുടെ മരണത്തിൽ വിലപിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ പറയുന്നു. ഇസ്രയേൽ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ രത്തൻടാറ്റ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്‌മരിച്ചു.

ഇന്ത്യ-ഇസ്രായേൽ ബന്ധം സ്ഥാപിക്കുന്നതിൽ ടാറ്റയുടെ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും, ഇന്ത്യയുടെ അഭിമാന പുത്രനും നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ ചാമ്പ്യനുമായ രത്തൻ നേവൽ ടാറ്റയുടെ വിയോഗത്തിൽ താനും ഇസ്രായേലിലെ പലരും ദുഃഖിക്കുന്നുവെന്നും നെതന്യാഹു അറിയിച്ചു. തൻറെ അനുശോചനം രത്തൻ ടാറ്റയുടെ കുടുംബത്തെ അറിയിക്കണമെന്നും പ്രധാനമന്ത്രിയോട് നെതന്യാഹു നിർദേശിച്ചിട്ടുമുണ്ട്.

നേരത്തെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് രത്തൻടാറ്റയ്ക്ക് ആദരമർപ്പിച്ചിരുന്നു. സിംഗപ്പൂരിൻറെ യഥാർത്ഥ സുഹൃത്തെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ അനുശോചനക്കുറിപ്പ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രത്തൻ ടാറ്റയ്ക്ക് അനുശോചനം അറിയിച്ചിരുന്നു. നൂതന-ഉത്പാദന മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളും മാക്രോൺ തൻറെ അനുശോചന സന്ദേശത്തിൽ എടുത്ത് കാട്ടി. ഇന്ത്യ ഫ്രാൻസ് ബന്ധം മെച്ചപ്പെടുത്തുന്നതിലും രത്തൻ ടാറ്റ വഹിച്ച പങ്ക് അദ്ദേഹം എടുത്ത് കാട്ടി. ബുധനാഴ്‌ച തൻറെ 86ാം വയസിലാണ് രത്തൻ ടാറ്റ വിടവാങ്ങിയത്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :