ഭക്ഷണവും ആര്‍ഭാടജീവിതവും നല്‍കും; അഭയാര്‍ഥികളെ ഐഎസിലെത്തിക്കാന്‍ നീക്കം

ഐഎസ് , അഭയാര്‍ഥികള്‍ , ജര്‍മ്മനി , ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍
ബെര്‍ലിന്‍| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (09:55 IST)
സിറിയ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നെന്ന് ജര്‍മ്മന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇത് ജര്‍മ്മനിയുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതേ തുടര്‍ന്ന് പരിശേധനയും നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഭക്ഷണത്തിനു പോലും വകയില്ലാത്ത അഭയാര്‍ഥികളുടെ സാഹചര്യം ഭീകരര്‍ മുതലെടുക്കുകയാണ്. പണവും, ധനവും, മികച്ച ജീവിത സാഹചര്യവും വാഗ്ദാനം ചെയ്ത് ഭീകരസംഘടനയിലേക്ക് അഭയാര്‍ഥികളെ എത്തിക്കാന്‍ ഐഎസ് ശ്രമം നടത്തുന്നത്.
ജര്‍മന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ നടത്തിയ
റെയ്ഡില്‍ ചിലരെ പോലീസ് സംഘം അറസ്റ്റു ചെയ്‌തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്ത്രീകളെയും കുട്ടികളേയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സ്വാഗതം ചെയ്യുന്നുണ്ട്. യുവാക്കളെയാണ് കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. പണവും പെണ്‍കുട്ടികളേയുമാണ് ഇവര്‍ക്ക് ഐഎസ് വാഗ്ദാനം ചെയ്യുന്നത്. അറസ്‌റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അതേസമയം, സിറിയ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ വീതംവെച്ച് എടുക്കാന്‍ തീരുമാനമായി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ ബ്രസല്‍സില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് 28 രാജ്യങ്ങള്‍ക്കിടയിലായി ഒരു ലക്ഷത്തി ഇരുപതിനായിരം അഭയാര്‍ഥികളെ വിന്യസിക്കാന്‍ തീരുമാനമായത്.

അഭയാര്‍ഥികള്‍ കൂടുതല്‍ എത്തുന്ന ജര്‍മ്മനി 30,000 അഭയാര്‍ഥികളെ ഏറ്റെടുക്കാമെന്ന് വ്യക്തമാക്കിയപ്പോള്‍ 15,600 പേരെ ഇറ്റലിയും 50,400 പേരെ ഗ്രീസും 54,000 പേരെ ഹംഗറിയും ഏറ്റെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം അഭയാര്‍ഥികളെ ഏറ്റടുക്കാമെന്ന് ഫ്രാന്‍സും യോഗത്തില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :