അഭിറാം മനോഹർ|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (14:05 IST)
ഇറാഖില്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 9 വയസാക്കാനുള്ള ബില്ലിനെതിരെ വ്യാപക പ്രതിഷേധം. നിലവില്‍ വിവാഹത്തിനുള്ള പ്രായം 18 ആയി നിജപ്പെടുത്തിയ വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലാണ് അവതരിപ്പിച്ചത്. അതേസമയം ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തും നടക്കുന്നത്.
ബില്‍ പാസാവുകയാണെങ്കില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയും ആണ്‍കുട്ടികളുടേത് 15 വയസായും ക്രമപ്പെടുത്തും. ഇത് ശൈശവ വിവാഹത്തിനും ചൂഷണത്തിനും വഴിതുറക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗ സമത്വത്തിനും തുരങ്കം വെയ്ക്കുന്നതാണ് പുതിയ ബില്ലെന്നാണ് വിമർശനം.
യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസിന് മുന്‍പെയാണ് വിവാഹിതരാകുന്നത്.
ഷിയ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് വിവാഹപ്രായം കുറയ്ക്കുന്നതിനുള്ള ബില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇസ്ലാമിക നിയമ പ്രകാരം ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ അധാര്‍മികമായ ബന്ധങ്ങളില്‍ ചെന്ന് ചാടുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വാദം.