റിയോ ഡി ജെനീറോ|
aparna shaji|
Last Modified ഞായര്‍, 14 ഓഗസ്റ്റ് 2016 (10:37 IST)
ഒളിമ്പിക്സിന് തിരിതെളിഞ്ഞിട്ട് എട്ട് ദിവസം കഴിഞ്ഞു. സ്വർണം പോയിട്ട് ഒരു മെഡൽ പോലും നേടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മത്സരം ഒമ്പതിലേക്ക് കടക്കുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ ഉയരുന്നുണ്ട്. രണ്ടിനം മത്സരങ്ങളിൽ
ഇന്ത്യ മെഡൽ നേട്ടം കാണുന്നുണ്ട്. വൊള്‍ട്ട് ഇനത്തില്‍ ഫൈനലില്‍ മത്സരിക്കുന്ന ദീപ കര്‍മ്മാക്കറും, പുരുഷ ഹോക്കി സംഘവും.
ഫൈനല്‍ യോഗ്യത നേടി ജിംനാസ്റ്റിക്സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച ദീപ കര്‍മ്മാക്കര്‍ സ്വര്‍ണ്ണ നേട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. ദീപ ഇന്ത്യയുടെ പ്രതീക്ഷകൾ തകർക്കില്ലെന്നാണ് ഓരോരുത്തരുടെയും പ്രതീക്ഷ. വ്യക്തിഗത വൊള്‍ട്ട് ഇനത്തില്‍ എട്ടാമതായി അവസാനിച്ചതോടെയാണ്, 22 വയസ്സുകാരി ദീപ കര്‍മ്മാക്കര്‍ ഫൈനല്‍ റൗണ്ട് യോഗ്യത നേടിയിരുന്നത്.
36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഉള്ള ദൃഢനിശ്ചയവുമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി സംഘം ബെല്‍ജിയത്തിനെതിരെ കളത്തിലിറങ്ങുന്നത്. മികച്ച പ്രകടനമാണ് പി.ആര് ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം റിയോയില്‍ നടത്തി കൊണ്ടിരിക്കുന്നത്. കരുത്തരായ ജര്‍മ്മനിയ്ക്കും നെതര്ലണ്ടിനുമെതിരെ ഇന്ത്യന്‍ പ്രതിരോധ നിരയും മധ്യനിരയും നടത്തിയ നീക്കങ്ങള്‍ വരും മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നു.