സാൻജോസ്|
VISHNU N L|
Last Modified ഞായര്‍, 27 സെപ്റ്റംബര്‍ 2015 (14:01 IST)
ഇന്ത്യയുടെ പരിവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് നിര്‍ണായക പങ്കു വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സിലിക്കണ്‍ വാലിയിലെ ഡിജിറ്റല്‍
ഇന്ത്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റുന്നതിന് സാങ്കേതിക വിദ്യയ്ക്ക് സാധിച്ചു. ഇന്ന് ജനങ്ങൾക്കുണ്ടായിരിക്കുന്ന മാറ്റം കാലങ്ങൾക്കു മുൻപ് ചിന്തിക്കാൻ പോലും കഴിയുമായിരുന്ന ഒന്നല്ല. സാങ്കേതിക വിദ്യയെന്നു പറയുന്നത് പ്രതീക്ഷകൾക്കും അവസരങ്ങൾക്കുമിടയ്ക്കുള്ള ഒരു പാലമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ഒരുപോലെ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സാധിക്കണമെന്നും ലഭ്യമാകണമെന്നുമാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷയ്ക്ക് എല്ലാ പ്രധാന്യങ്ങളും നൽകിക്കൊണ്ട് ഇത് സാധ്യമാകും. കോർപ്പറേറ്റുകൾ മുതൽ ചെറുപ്പക്കാർ വരെ ഇതിന് ഭാഗമാകുന്നുണ്ട്. എല്ലാവർക്കും ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകാൻ സാധിക്കും. ഇതിലേക്ക് എത്തുന്നതിനായി ഞങ്ങൾ ഡിജിറ്റൽ ഇന്ത്യ പദ്ധതി കൊണ്ടുവന്നുവെന്നും മോഡി വ്യക്തമാക്കി.
സുസ്ഥിര വികസനത്തിന്റെ സന്ദേശവുമായാണ് പ്രധാനമന്ത്രി ലോകത്തെ വിവരസാങ്കേതിക തലസ്ഥാനമായ സിലിക്കണ്‍വാലി സന്ദര്‍ശിച്ചത്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ആപ്പിള്‍ സിഇഒ ടിം കുക്ക്, എന്നിവരടക്കം ഐ.ടി രംഗത്തെ നിരവധി പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വിവര സാങ്കേതിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ഡിജിറ്റല്‍ ഇന്ത്യ യോഗത്തില്‍ നരേന്ദ്രമോഡി സംസാരിച്ചു. സാങ്കേതിക രംഗത്തെ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് ഡിജിറ്റൽ ഇന്ത്യ പദ്ധതി സഹായകമാകുമെന്ന് സത്യ നാഡെല്ല പറഞ്ഞു.
ഇന്ത്യയും അമേരിക്കയുമായുള്ള വിവര സാങ്കേതിക മേഖലയിലെ സഹകരണം ഇരുരാജ്യങ്ങളുടേയും സാങ്കേതിക സാമ്പത്തിക അടിത്തറ ഭദ്രമാക്കുമെന്ന് നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ലോകത്തെ ഒരു കുടക്കീഴില് അണിനിരത്തുവാന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ ചെലവില്‍ സാങ്കേതിക വിദ്യ സാധാരണക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നേരത്തെ കാലിഫോര്‍ണയിലെ സാന്ജോസിലെത്തിയ നരേന്ദ്ര മോഡിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. നഗരത്തിലെ ഇന്ത്യന്‍ സമൂഹവുമായി അല്‍പ്പസമയം ചിലവിട്ട പ്രധാനമന്ത്രി, പ്രമുഖ സോളാര്‍ കാര്‍ നിര്‍മാതാക്കളായ ടെസ്ല മോട്ടോഴ്സിന്റെ പ്ലാന്റും സന്ദര്‍ശിച്ചു. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിലിക്കണ്‍ വാലി സന്ദര്‍ശിച്ചത്.