സാഗ്റബ്|
jibin|
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (12:10 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും ഇറക്കില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ ക്രൊയേഷ്യയിലേക്ക് വന്‍തോതില്‍ എത്താന്‍ തുടങ്ങിയതോടെ സെര്‍ബിയയില്‍നിന്നുള്ള ഏഴു റോഡുകളും ക്രൊയേഷ്യ അടച്ചു. 48 മണിക്കൂറിനിടെ 11,000ത്തിലേറെ പേര്‍ അതിര്‍ത്തി കടന്നതിനു പിന്നാലെയാണ് ഹംഗറിക്ക് പിന്നാലെ ക്രൊയേഷ്യയും അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
രണ്ടുദിവസം മുമ്പാണ് ക്രൊയേഷ്യ അഭയാര്‍ഥികള്‍ക്ക് പച്ചക്കൊടി കാണിച്ചത്. ഇതോടെ ആയിരങ്ങള്‍ അതിര്‍ത്തി കടന്ന് ക്രൊയേഷ്യയിലെത്തിച്ചേര്‍ന്നു. റോഡുകള്‍ക്ക് പുറമെ വയലുകളും പുഴകളും കടന്ന് ആയിരങ്ങള്‍ ഗ്രാമീണ പാതകളിലൂടെ എത്തിയതോടെ അഭയാര്‍ഥികളെ തടയേണ്ട സാഹചര്യം ക്രൊയേഷ്യക്കും ഉണ്ടാകുകയായിരുന്നു. ക്രൊയേഷ്യ വഴിയും യാത്ര മുടങ്ങിയതോടെ ആയിരങ്ങള്‍ സെര്‍ബിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അഭയാര്‍ഥി പ്രവാഹം തടയുന്നതിനായി ജര്‍മ്മനി, സെര്‍ബിയ, ഹംഗറി എന്നീ രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. സെര്‍ബിയന്‍ അതിര്‍ത്തിയില്‍ 600 സൈനികരെയും 200 പൊലീസുകാരെയും വിന്യസിച്ച ഹംഗറി 200 കിലോമീറ്ററോളം ദൂരത്തില്‍ കമ്പിവേലി ഉയര്‍ത്തുകയും അതിര്‍ത്തിയില്‍ 1200 സൈനികരെക്കൂടി വിന്യസിക്കാനും തീരുമാനിച്ചു. കൂടാതെ 453 അഭയാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ജര്‍മനി പുതിയ നടപടികളടങ്ങിയ കരട് നിയമം തയാറാക്കിയതായി വാഷിങ്ടണ്‍ റിപ്പോര്‍ട്ട് പറയുന്നു.