രേണുക വേണു|
Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (10:39 IST)
Explainer: UAE Weather: യുഎഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായുള്ള ശക്തമായ മഴ ഇന്നേക്ക് അല്‍പ്പം ശമിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ ഇടവിട്ടുള്ള മഴ പലയിടത്തും ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും മുന്‍ ദിവസങ്ങളിലെ പോലെ പ്രളയ സമാന സാഹചര്യം ഉണ്ടാകില്ല. അതേസമയം യുഎഇയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ക്ലൗഡ് സിഡിങ് മൂലമാണ് യുഎഇയില്‍ ശക്തമായ മഴ ലഭിച്ചതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണ്. യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് അല്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയില്‍ ക്ലൗഡ് സീഡിങ് നടത്തിയിട്ടില്ലെന്നും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജിയിലെ മുതിര്‍ന്ന കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ.ഹബീബ് അഹമ്മദ് പറഞ്ഞു.
തെക്ക്-പടിഞ്ഞാറന്‍, ഒമാന്‍ മേഖലകളിലായി ആഴത്തിലുള്ള ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. അതേസമയം യുഎഇയുടെ അന്തരീക്ഷത്തിനു മുകളിലായും മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. ഞായറാഴ്ച മുതല്‍ അറബിക്കടലില്‍ നിന്ന് യുഎഇയിലേക്കും ഒമാനിലേക്കും ഈര്‍പ്പമുള്ള വായു വീശി. ഇതിന്റെയെല്ലാം സ്വാധീനത്താല്‍ ആണ് യുഎഇയില്‍ കാലാവസ്ഥ മാറിയതും ശക്തമായ മഴ ലഭിച്ചതും.
പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നുള്ള മഴ മേഘങ്ങള്‍ ഞായറാഴ്ച മുതല്‍ രാജ്യമെമ്പാടും നീങ്ങുമെന്നും ഇത് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റ്, മഴ, ഇടിമിന്നല്‍, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
അന്തരീക്ഷത്തിലെ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിങ് എന്നു പറയുന്നത്. യുഎഇയില്‍ കാലാവസ്ഥ മാറാന്‍ കാരണം ക്ലൗഡ് സീഡിങ് ആണെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ വിശദീകരണം.