VISHNU|
Last Modified ശനി, 9 മെയ് 2015 (14:39 IST)
പെട്രോളിയം ഇന്ധനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് ഇന്ന് ലോകത്തില്‍ മുഴുവനുമുള്ളത്. എന്നാല്‍ ഇത്തരം ഇന്ധനങ്ങള്‍ കത്തുന്നതുമൂലമുണ്ടാകുന അന്തരീക്ഷ മലിനീകരണം ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധികളൊന്നാണ്. ഇതിന് ബദല്‍ ഒരുക്കുന്നതിനായി ലോകം പല ഇന്ധനങ്ങളും അവതരിപ്പിച്ചു, ഹൈഡ്രജന്‍, ഇലക്ട്രിസിറ്റി, എത്തനോല്‍ തുടങ്ങിയവ. എന്നാല്‍ ഇതൊക്കെ സൂക്ഷിക്കാനും സുരക്ഷിതമായി ഉപയോഗിക്കാനും, നിലവിലെ ഇന്ധനങ്ങളെപ്പോലെ സാധിക്കാത്തതിനാല്‍ ഇവയൊക്കെ ഇപ്പോഴും ബാല്യദശയിലാണ്.
എന്നാല്‍ ഇവയൊന്നുമല്ലാതെ വെറും കാറ്റ് നിറച്ച ഓടിക്കാവുന്ന വാഹനം യാഥാര്‍ഥ്യമായിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ കാര്‍ നിരത്തിലേക്കെത്തുമെന്നാണ് കരുതുന്നത്. മറ്റ് വാഹനങ്ങളില്‍ ഇന്ധനങ്ങള്‍ ചെയ്യുന്ന ജോലി ഇവിടെ ചെയ്യുന്നത് കംപ്രസ് ചെയ്ത് നിറച്ച വായു ആണ്.
അതായത് ഇപ്പോള്‍ വാഹനങ്ങളുടെ ടയറില്‍ നിറയ്ക്കുന്ന അതേ വായു തന്നെ നിറച്ച് ഇന്ധനമായി ഉപയോഗിക്കുകയാണ് ഈ വാഹനത്തില്‍ ചെയ്യുന്നത്. കംപ്രസ് ചെയ്ത വായു നിറയ്ക്കാന്‍ തകര്‍ന്ന് പോകാത്ത കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മ്മിച്ച ടാങ്കാണ് ഇതിന്റെ പ്രധാന ഭാഗം.
അതുകൊണ്ട് തന്നെ വാഹനത്തിന് എയര്‍പോഡ് എന്നാണ് പേര്. കാഴ്ചയില്‍ നമ്മുടെ ഓട്ടൊ റിക്ഷയുമായി സാമ്യം തോന്നുമെങ്കിലും വാഹന സങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്ന സവിശേഷതകളാണ് ഈ വാഹനത്തിനുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവ സഞ്ചരിക്കും എന്നാണ് നിലവില്‍ അവകാശപ്പെടുന്നത്. ഈ സാങ്കേതിക വിദ്യ കൂടുതല്‍ വികസിക്കുന്ന സമയത്ത് ഇതിന്റെ വേഗന് ഇനിയും കൂട്ടാന്‍ സാധിക്കും. സ്റ്റിയറിംഗിന് പകരം ജോയ്സ്റ്റിക്കാണ് വാഹനത്തെ നിയന്ത്രിക്കാനുപയോഗിക്കുന്നത്.