ബോക്കോഹറാമുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബുജ| Last Modified വ്യാഴം, 15 മെയ് 2014 (09:17 IST)
ഇസ്ലാമിക ഭീകരസംഘടന ബോക്കോഹറാമുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ഇതാദ്യമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിക്കുന്നത്. ഇതിനിടെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ കണ്ടെത്താനായി ബ്രിട്ടീഷ് സൈന്യത്തിന്റെ പര്യവേക്ഷണ വിമാനം അയക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു‍.

അത്യാധുനിക ക്യാമറകളുള്ള നീരീക്ഷണവിമാനമാണിത്. പെണ്‍കുട്ടികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്താന്‍ വിമാനത്തിനാകുമെന്നാണ് കരുതുന്നത്. ഇതിനായി യുഎസ് സൈന്യത്തെ സഹായിക്കാന്‍ പ്രത്യേക സംഘത്തെയും അയക്കും.

ഏപ്രില്‍ 14 നാണ് ബോര്‍ണോയിലെ ചിബോക്കിലുള്ള സ്‌കൂളില്‍നിന്ന് 276 പെണ്‍കുട്ടികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ അമ്പതോളം വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. ഭീകരര്‍ പുറത്തുവിട്ട വീഡിയോയിലെ 130 കുട്ടികളെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

നൈജീരിയയെ സഹായിക്കാന്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വിദഗ്ധരെ അബുജയിലേക്ക് അയച്ചിട്ടുണ്ട്. യുഎസ് ആഫ്രിക്ക കമാന്‍ഡിന്റെ ജനറല്‍ ഡേവിഡ് റോഡ്രിഗൂസിനെയാണ് അമേരിക്ക അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :