ഒടുവിൽ ബ്രെക്‌സിറ്റ് സംഭവിച്ചു; ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടു

അഭിറാം മനോഹർ| Last Modified ശനി, 1 ഫെബ്രുവരി 2020 (13:38 IST)
ഒടുവിൽ നാൽപ്പത്തിയേഴ് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ച 4.30) യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തു പോയത്. ബ്രെക്‌സിറ്റ് നിലവിൽ വന്നതിനെ തുടർന്ന് ബ്രിട്ടനിലെ തെരുവുകളിൽ ബ്രെക്‌സിറ്റിനെ അനൂലിക്കുന്നവര്‍ ആഹ്ലാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധപ്രകടനവും നടത്തി.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തായതോടെ 27 രാജ്യങ്ങളാണ് ഇനി യൂണിയനിൽ ഉണ്ടാവുക.പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണെന്നും ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷമാണ് സംഭവിച്ചിരിക്കുന്നതെന്നും
ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷം ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ നിന്നും വിടുതൽ നടപടികൾ പൂർത്തിയാക്കാൻ 11 മാസത്തെ ട്രാൻസിഷൻ സമയം കൂടി ബ്രിട്ടന്റെ പക്കലുണ്ട്. ഡിസംബർ 31നായിരിക്കും ബ്രിട്ടൻ പൂർണമായും യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോവുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും.

തത്ത്വത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞെങ്കിലും പൂർണ അർഥത്തിൽ സ്വതന്ത്രമാകാൻ ബ്രിട്ടൻ ഈ വർഷാവസാനം വരെ കാത്തിരിക്കേണ്ടി വരും. ഈ സമയത്തിനുള്ളിൽ സ്വതന്ത്രവ്യാപരകരാർ അടക്കമുള്ള വിഷയങ്ങളിൽ യൂറോപ്യൻ യൂണിയനുമായി ധാരണയിലെത്താനാണ് സാധ്യത. ട്രാന്‍സിഷന്‍ സമയം അവസാനിക്കുന്നത് ഡിസംബര്‍ 31നാണെങ്കിലും സമയം ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നീട്ടിനല്‍കാന്‍ ബ്രിട്ടന് യൂണിയനോടാവശ്യപ്പെടുകയും ചെയ്യാം.

എന്നാൽ ഡിസംബർ 31നകം കാലാവധി നീട്ടാനോ,വ്യാപാരക്കരാരിൽ ഒപ്പുവെക്കാനോ സാധിക്കുന്നില്ലെങ്കിൽ ഇരു ഭാഗങ്ങളും തമ്മിലുള്ള ബന്ധം മരവിച്ച അവസ്ഥയിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :